കണ്ണൂർ: കരകൗശല വസ്തുക്കളെന്നാല്‍ ലളിതമായ വസ്തുക്കള്‍ ഉപയോഗിച്ച് കൈ കൊണ്ട് നിര്‍മിച്ചെടുക്കുന്ന അലങ്കാരവസ്തുക്കളാണ്. എന്നാല്‍ കരകൗശല വസ്തുക്കളില്‍ വിസ്മയം തീര്‍ക്കുന്ന ചിലരുണ്ട്. അത്തരത്തിലൊരാളാണ് കണ്ണൂര്‍ സ്വദേശിയായ മഹേഷ്. തൊഴില്‍ സ്വര്‍ണപണിയാണെങ്കിലും ലോക്ക്ഡൗണ്‍ വന്ന് ലോക്കായതോടെ സ്വര്‍ണപണിക്കായി കൊണ്ടുവന്ന ചിരട്ടയില്‍ വ്യത്യസ്ത നിര്‍മാണം ആരംഭിച്ചു. ആദ്യം ഒരു കൗതുകത്തിനാണ് തുടങ്ങിയതെങ്കിലും പിന്നെ അതൊരു വരുമാനമായി മാറി ഈ കലാകാരന്.
തടിയിൽ തീർത്തതിനേക്കാൾ മനോഹരമെന്ന് തോന്നിക്കും ചിരട്ടയിലുള്ള മഹേഷിന്‍റെ കലാവിരുത്. കാർ, സ്‌കൂട്ടർ, വീണ, ചായക്കപ്പ്, അരിവാൾ-ചുറ്റിക-നക്ഷത്രം തുടങ്ങി അനവധി വസ്‌തുക്കൾ ഇതിനോടകം ചിരട്ടയിൽ തീർത്തു. ചിരട്ട അല്ലാതെ മറ്റ് മരത്തടികളോ ഇരുമ്പ് ദണ്ഡുകളോ നിർമാണ വേളയിൽ ഉപയോഗിക്കില്ലെന്നതാണ് അതിശയകരം. ഇതുതന്നെയാണ് കരകൗശല വസ്തുക്കൾ നിർമിക്കുന്നവരിൽ നിന്നും മഹേഷിനെ വ്യത്യസ്‌തനാക്കുന്നത്.
പല നിർമിതികൾക്കും പിന്നിലും ഒരു മാസത്തിലേറെ നീണ്ട കഠിനാധ്വാനമാണ് വേണ്ടത്. ഒരിഞ്ച് അളവ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ എല്ലാം ആദ്യം മുതൽ തുടങ്ങണം. അതിനാൽ വളരെ സൂക്ഷ്‌മതയോടെയാണ് ചിരട്ട മുറിക്കുന്നതും മിനുസപ്പെടുത്തുന്നതും. മഹേഷിന്‍റെ 'ചിരട്ട ക്യാമറ'ക്ക് വലിയ സ്വീകാര്യതയാണ് നാട്ടിലും അന്യനാട്ടിലും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പോലും അഭിനന്ദന വിളികളെത്തിയെന്ന് മഹേഷ് പറയുന്നു.
വ്യത്യസ്‌ത ഇനങ്ങളിലുള്ള തേങ്ങകളുടെ ശേഖരവും മഹേഷിൻ്റെ കൈവശമുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളുടെ കറൻസികൾ, ചിപ്പികൾ, എന്നിവയും ശേഖരത്തിലുണ്ട്. പൂർണ പിന്തുണയുമായി ഭാര്യ രമ്യജയും മക്കളായ ഹരികൃഷ്ണനും ശിവ കൃഷ്ണനും മഹേഷിന് ഒപ്പമുണ്ട്. മക്കളും അച്ഛന്‍റെ പാത പിന്തുടർന്ന് നിർമാണത്തിലേക്ക് കടന്നു കഴിഞ്ഞു. അടുത്തതായി ബ്യൂഗിളാണ് മഹേഷിൻ്റെ പണിപ്പുരയിൽ തയ്യാറാകുന്നത്.