കണ്ണൂർ: വരകളും വർണങ്ങളും കൊണ്ട് ശാരീരിക പരിമിതികളെ മറികടന്ന കലാകാരനാണ് കണ്ണൂർ ഏഴിലോട് സ്വദേശി മഹേഷ് മാധവൻ. വീൽച്ചെയറിൽ ഇരുന്ന് മഹേഷ് നിറം പകരുന്ന ഓരോ കാൻവാസും ആസ്വാദകരുടെ മനം കവരും. ശാരീരിക വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന കഥയാണ് മഹേഷിന് പറയാനുള്ളത്.
മഹേഷിന്‍റെ യാത്ര ഏവര്‍ക്കും പ്രചോദനമാണ്. ചുണ്ടിൽ ബ്രഷ് പിടിച്ച് ചിത്രം വരയ്ക്കുന്ന പ്രമുഖ ചിത്രകാരൻ ഗണേഷ് കുഞ്ഞിമംഗലത്തെ പരിചയപ്പെട്ടതോടെയാണ് മഹേഷും വരകളുടെയും വർണങ്ങളുടെയും ലോകത്തേക്ക് എത്തുന്നത്. ആയിരത്തിലധികം ചിത്രങ്ങൾ വരച്ച മഹേഷിന് തെയ്യ ചിത്രങ്ങൾ വരക്കാനാണ് ഏറെ ഇഷ്‌ടം.
പെൻഷനും ചിത്രങ്ങൾ വിറ്റു കിട്ടുന്ന തുകയും മാത്രമാണ് മഹേഷിന്‍റെ വരുമാനം. നിലവിൽ ചിത്രങ്ങൾ വാങ്ങാൻ ആരും വരാറില്ല, കാൻവാസ് വാങ്ങുന്നത് തന്നെ പ്രയാസമാണെന്നുമാണ് മഹേഷ് പറയുന്നത്. തന്‍റെ വൈവിധ്യമാര്‍ന്ന ചിത്രങ്ങളെത്തേടി കലയെ സ്നേഹിക്കുന്നവർ ഇനിയും എത്തുമെന്ന പ്രതീക്ഷയിലാണ് മഹേഷ്.