കണ്ണൂര്‍: 'രോഗങ്ങള്‍കൊണ്ട് കഷ്‌ടപ്പെട്ട ഒരു ബാല്യകാലമായിരുന്നു എന്‍റേത്. മാഹിയില്‍ സ്‌ട്രെപ്‌റ്റോമൈസിന്‍ കുത്തി വച്ച ആദ്യത്തെ കുട്ടി ഞാനായിരുന്നു. അന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് കുത്തിവെപ്പു കൊണ്ട് മാത്രമല്ല വിശുദ്ധ ത്രേസ്യാമ്മയുടെ അനുഗ്രഹം കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
കാരണം രോഗാതുരമായ ഒരു ബാല്യകാലം എനിക്കെന്ന പോലെ മയ്യഴി മാതാവിനും ഉണ്ടായിരുന്നു. കഷ്‌ടപ്പാടുകള്‍ നിറഞ്ഞ എന്‍റെ കുട്ടിക്കാലത്ത് ഈ ദേവാലയവുമായി അത്രയേറെ അടുപ്പം എനിക്കുണ്ടായിരുന്നു"...മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍ മാഹി സെന്‍റ് തെരേസാസ് പള്ളിയിലെ (Mahe St. Theresa's Shrine) വിശുദ്ധ ത്രേസ്യാമ്മയെ ഓർക്കുന്നതിങ്ങനെയാണ് (M Mukundan about Mahe St. Theresa's Shrine and Saint Theresa).
മതവും ജാതിയും അതിര്‍വരമ്പിടാത്ത ഒരു ഉത്സവത്തിന് കൂടി മയ്യഴി സാക്ഷ്യം വഹിക്കുകയാണ് (Mahe St. Theresa's Shrine Festival). മയ്യഴി മാതാവിന്‍റെ തിരുന്നാൾ ആഘോഷങ്ങൾക്കായി നാടിന്‍റെ നാനാഭാഗത്ത് നിന്നും ജനലക്ഷങ്ങൾ എത്തുന്നു. എല്ലാ മത വിശ്വാസങ്ങളും ഇഴചേർന്ന് മാഹി സെന്‍റ് തെരേസാസ് പള്ളി തിരുനാൾ ആഘോഷിക്കുകയാണ്.
ചരിത്രം പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ വിദേശികൾക്കൊപ്പമെത്തിയ വിശുദ്ധ ത്രേസ്യാമ്മ മാഹിയുടെ മാതാവായ കഥ കേൾക്കാം. 1936 ല്‍ മാഹിയില്‍ ഓലമേഞ്ഞ ഒരു ദേവാലയം പണിതു. മാഹി പള്ളി എന്ന് പിന്നീട് അറിയപ്പെട്ട ദേവാലയത്തിന്‍റെ നിര്‍മ്മാണത്തിന് ഫ്രഞ്ചുകാര്‍ക്കൊപ്പം മയ്യഴിക്കാരും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു.
വിദേശ ശക്തിയായ ഫ്രഞ്ചുകാര്‍ക്കെതിരെ 1948 ല്‍ ജനകീയ വിപ്ലവം ശക്തമായി. സമരം അടിച്ചമർത്താൻ ഫ്രഞ്ച് നാവിക സേനയുടെ കപ്പല്‍ മാഹി പുറംകടലില്‍ നങ്കൂരമിട്ടു. പെട്ടെന്ന് നിലക്കാതെയുള്ള പള്ളിമണി മുഴക്കം കേട്ട് മാഹിക്കാര്‍ പള്ളിക്കു മുമ്പില്‍ ഓടിയെത്തി. കാര്യമന്വേഷിച്ചപ്പോള്‍ സര്‍വ്വ സന്നാഹത്തോടെയെത്തിയ ഫ്രഞ്ച് പട്ടാളത്തിന്‍റെ കണ്ണില്‍ പെടാതെ രക്ഷപ്പെടാനുള്ള സൂചനയായിരുന്നു അത്. ഈ സംഭവത്തോടെ വിശുദ്ധ ത്രേസ്യാമ്മ മയ്യഴിക്കാരുടെ പ്രിയപ്പെട്ട രക്ഷകയായി. മാഹിയുടെ ചരിത്രത്തിനൊപ്പം എന്നും വിശുദ്ധ ത്രേസ്യാമ്മയുമുണ്ട്. ഒക്‌ടോബർ 22ന് തിരുന്നാൾ അവസാനിക്കും.