കണ്ണൂർ: കേരളത്തോടൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും പുതിയ ജനപ്രതിനിധിയെ കണ്ടെത്താനുള്ള പ്രക്രിയകൾ തുടങ്ങി. 31 പോളിങ്ങ് സ്റ്റേഷനുകൾ ഇതിനായി സജ്ജീകരിക്കുന്നുണ്ട്. 1000ത്തിലധികം വോട്ടർമാരുള്ള പോളിങ്ങ് സ്റ്റേഷനുകളിൽ ഒരു ബൂത്ത് കൂടി ഒരുക്കും. കൊവിഡ് പശ്ചാത്തലത്തിൽ വീടുകൾ കയറിയുള്ള പ്രചരണത്തിന് അഞ്ചിൽ കൂടുതൽ ആളുകളെ അനുവദിക്കില്ലെന്ന് മാഹി മണ്ഡലം റിട്ടേണിങ്ങ് ഓഫീസറും റീജണൽ അഡ്മിനിസ്ട്രേറ്ററുമായ ശിവരാജ് മീണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സുരക്ഷ ഒരുക്കുന്നതിനായി ഐടിബിപിയുടെ ഒരു ബറ്റാലിയൻ മാഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനിടെ നിലവിൽ മാഹിയെ പ്രതിനിധീകരിക്കുന്ന എംഎൽഎ ഡോ.വി.രാമചന്ദ്രനും മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ഇ.വത്സരാജും ഇത്തവണ മത്സര രംഗത്തുണ്ടാവില്ലെന്ന് ഉറപ്പിച്ചതോടെ പുതുമുഖങ്ങളുടെ രംഗപ്രവേശനത്തിന് വഴിയൊരുങ്ങിയിട്ടുണ്ട്. 1990 മുതൽ 2016 വരെയുള്ള ഏഴ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ആറ് തവണയും ജയിച്ചു കയറിയ ഇ.വത്സരാജ് കഴിഞ്ഞ തവണ അപ്രതീക്ഷിതമായി എൽഡിഎഫ് സ്വതന്ത്രനായി പോരിനിറങ്ങിയ ഡോ.വി.രാമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു. ഇതിൽ പിന്നീട് വത്സരാജ് സജീവ രാഷ്ടീയ പ്രവർത്തനത്തിൽ നിന്നും അൽപം പിറകോട്ടാണ്.
മാഹിയിലെ കിരീടം വെക്കാത്ത രാജാവെന്ന വിശേഷണമുള്ള വത്സരാജിനെ അടിയറവ് പറയിച്ച് പുതുച്ചേരി നിയമസഭയിലെത്തിയ ഡോ.വി.രാമചന്ദ്രന് കഴിഞ്ഞ അഞ്ച് വർഷവും അഗ്നിപരീക്ഷണത്തിന്‍റെ നാളുകളായിരുന്നു. എംഎൽഎയെ പരസ്യമായി അധിക്ഷേപിക്കാനും ഒന്നിനും കൊള്ളാത്തവനായി ചിത്രീകരിക്കാനും പരസ്യമായും രഹസ്യമായും നീക്കങ്ങളുണ്ടായി. ഇതേ തുടർന്നു മാഹിക്ക് വേണ്ടി പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടാക്കാനായില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം ഡോ.രാമചന്ദ്രൻ വ്യക്തമാക്കി. രാഷ്ട്രീയം എനിക്ക് പരിചയമില്ല. ഞാനൊരു അധ്യാപകനാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പാർട്ടിയെ വിജയത്തിലേക്ക് നയിക്കാനായി ഇത്തവണ മാറി നിൽക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവായ വത്സരാജിന്‍റെ തുറന്ന് പറച്ചിൽ.