കണ്ണൂർ: കണ്ണൂർ ജില്ലയിലെ പഴയങ്ങാടി മാടായി പാറയും പ്രദേശവും വിനോദസഞ്ചാരികൾ ഏറെ ഇഷ്‌ടപ്പെടുന്ന ഇടമാണ്. അതോടൊപ്പം ഏറെ ചരിത്രപ്രധാന്യമുള്ള ഇടം കൂടിയാണിത്. മാടായിപ്പാറയും വടുകുന്ദശിവക്ഷേത്രവും ജൂതക്കുളവുമൊക്കെ അവയിൽ ചിലതുമാത്രം. എന്നാൽ ഇവിടെ ആരും അറിയാതെ പോയ ഒരു ചരിത്ര തിരുശേഷിപ്പുണ്ട്.
പഴയങ്ങാടിപ്പുഴയുടെ തെക്കുഭാഗത്തായി കുന്നിൻ മുകളിലായി സ്ഥിതി ചെയ്യുന്ന ഒരു കോട്ട. മാടായി കോട്ട തെക്കിനിക്കൽ കോട്ട, ധാരികൻ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന ചരിത്ര പ്രാധാന്യവും കഥയും ഉൾക്കൊള്ളുന്ന ഒരിടം. 200 വർഷം മുമ്പ് ഇവിടം ഭരിച്ചിരുന്ന മൂഷിക രാജവംശത്തിലെ വല്ലഭൻ രാജാവ് പണികഴിപ്പിച്ച കോട്ടയാണ് ഇതെന്നാണ് ചരിത്ര നിരീക്ഷകർ പറയുന്നത്.
അനേകം യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച കോട്ട ആറ് ഗോപുരങ്ങളും നിരീക്ഷണ ഗോപുരവും അടങ്ങിയതാണ്. കോലത്തിരി രാജാവിൻ്റെ പടനായകനായിരുന്ന മൂരിക്കൻ ചേരു കേളുവിൻ്റെ അതീനതയിലായിരു ഇത്. ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും മാടായിയിലെത്തുന്ന പലർക്കും ഇങ്ങനെയൊരു കോട്ടയുണ്ടെന്നത് അറിയില്ല. കാണാൻ തക്ക വഴികളും ഇല്ല.
കാടുകയറി നശിച്ച് കോട്ടയുടെ അടിത്തട്ടിലെ തറ മാത്രമാണ് ഇവിടെ ഇന്ന് അവശേഷിക്കുന്നത്. കോട്ടയുടെ ഭാഗമായുള്ള 3 കിണറുകൾ സാമൂഹ്യവിരുദ്ധർക്ക് മാലിന്യം തള്ളാനുള്ള ഇടമായി. പുരാവസ്‌തു വകുപ്പ് പോലും തിരിഞ്ഞു നോക്കാത്ത ഇവിടം രേഖകളിൽ നിന്ന് പോലും മാഞ്ഞ് പോയാൽ അത്ഭുതപ്പെടാനില്ല. ഭരണകൂടമോ ജനപ്രതിനിധികളോ ഇതിന്മേൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് മാടായിപ്പാറയെ സ്നേഹിക്കുന്നവരുടെ സങ്കടം.