കണ്ണൂർ: ശ്രീകണ്‌ഠാപുരം കോട്ടൂരിലെ പെയിന്‍റിങ് തൊഴിലാളിയായ പ്രകാശന്‍ ഈ ലോക്ക് ഡൗണ്‍ കാലത്തും ചായം കൊടുക്കുന്ന തിരക്കിലാണ്. പക്ഷേ ചുവരുകൾക്ക് പകരം കാന്‍വാസുകളിലാണെന്ന വ്യത്യാസമുണ്ട്. ലോക്ക് ഡൗണിൽ ജോലി ഇല്ലാതായതോടെയാണ് പ്രകാശന്‍ ചിത്ര രചനയിലേക്ക് തിരിഞ്ഞത്. പ്രവാസ ജീവിതത്തിന് ശേഷമാണ് പെയിന്‍റിങ് ജോലി ആരംഭിച്ചത്. ഒപ്പം ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്ക് വേണ്ടിയും പ്രകാശന്‍ സമയം കണ്ടെത്തി.
കാൻവാസിനൊപ്പം തന്നെ ഹാർഡ് ബോർഡ്, തുണി തുടങ്ങിയവയിൽ ഓയിൽ പെയിന്‍റ്, അക്രിലിക് തുടങ്ങിയ ചായങ്ങൾ ചേർത്താണ് പ്രകാശന്‍റെ ചിത്രരചന. ലോക്ക് ഡൗണ്‍ കാരണം ചിത്രരചനയ്‌ക്കാവശ്യമായ സാധന സാമഗ്രികൾ കിട്ടാൻ വിഷമം നേരിട്ടപ്പോഴും കൈവശമുള്ളത് ഉപയോഗിച്ച് സമയം വിനിയോഗിക്കുകയാണ് ഇദ്ദേഹം.