കണ്ണൂർ: വെള്ളത്തിൽ മുങ്ങിയ കണ്ണൂർ ശ്രീകണ്ഠാപുരം നഗരത്തിലെ ജനജീവിതം സാധാര നിലയിലേക്ക് തിരിച്ചെത്തിക്കാനുള്ള സജീവ പ്രവർത്തനം ആരംഭിച്ചു. നഗരത്തിലെ മുന്നൂറിലേറെ വ്യാപാര സ്ഥാപനങ്ങളാണ് വെള്ളത്തിലകപ്പെട്ടത്. വെള്ളം കുറഞ്ഞ് തുടങ്ങിയതോടെ കടകളിൽ ശുചീകരണ പ്രവർത്തികൾ തുടങ്ങി. ചെളിയും മണലും കല്ലും തുടങ്ങി വെള്ളത്തിൽ കുത്തിയൊഴുകി എത്തിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ദിവസങ്ങളെടുക്കും. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്ക് മാത്രം ഉണ്ടായത്. പുന:പ്രവൃത്തികൾക്ക് ജില്ലാ പഞ്ചായത്ത് അധികൃതരും രംഗത്തിറങ്ങിയുണ്ട്. വ്യാപാരികളുടെ നഷ്ടം കണക്കാക്കി സർക്കാർ ആവശ്യമായ സഹായം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ വി സുമേഷ് ആവശ്യപ്പെട്ടു.
പേമാരിയിലും കാറ്റിലും തകർന്ന നൂറ് കണക്കിന് വീടുകളും അതിജീവനത്തിന്റെ പാതയിലാണ്. മഴ കുറഞ്ഞെങ്കിലും ക്യാമ്പിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് ഉടൻ തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, കൊട്ടിയൂർ, ഇരിക്കൂർ ടൗണുകളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതിയും ഗതാഗതവും പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്.