കണ്ണൂർ: ഏത് ഇലയിലും ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ തന്റേതായ ശൈലിയില്‍ വരച്ചെടുക്കുകയാണ് തളിപ്പറമ്പ് കുറ്റ്യേരിയിലെ ആയിപ്പുഴവീട്ടിൽ ജിഷ്‌ണു. നാലുവർഷത്തോളമായി ഇത്തരത്തില്‍ ഇലയില്‍ തീര്‍ത്തത് നിരവധി ചിത്രങ്ങളാണ്.
പത്താംക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു വാരികയിൽ ലീഫ് ആർട് ചെയ്യുന്നതിന്റെ ആർട്ടിക്കിൾ കണ്ടത്. ഇതിനോട് പ്രിയം തോന്നിയ ജിഷ്‌ണു പിന്നീട് ആലിലയിൽ ലീഫ് ആർട് ചെയ്യാൻ തുടങ്ങി. ആലില , മഹാഗണി , നമ്പ്യാർവട്ടം, മന്ദാരം എന്നിങ്ങനെ എല്ലാ ഇലകളിലും ജിഷ്ണു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വളരെ സൂക്ഷ്‌മതയോടെ ചെയ്യേണ്ട ജോലിയാണിത്. ചിത്രങ്ങള്‍ ഇലയിലേക്ക് പകര്‍ത്തുമ്പോള്‍ കണ്ണൊന്ന് ചിമ്മിയാല്‍ ഇല കീറിപ്പോകും. പിന്നെ തുടക്കം മുതല്‍ മറ്റൊരിലയില്‍ ചെയ്യേണ്ടിവരികയും ചെയ്യും. ആഞ്ഞിലിയിലയില്‍ ചിത്രം വരച്ചാല്‍ കൂടുതല്‍ നാള്‍ നശിക്കാതിരിക്കുമെന്നുള്ളതിനാല്‍ ഈ ഇലയോടാണ് കൂടുതല്‍ താത്‌പര്യം.
ഉണങ്ങിയ ഇലകള്‍ വെള്ളത്തിലിട്ട് ഉണക്കി പേപ്പര്‍ പരുവത്തിലാക്കിയശേഷം പേനകൊണ്ട് അതിന് പുറത്തു വരയ്ക്കും. ഇലയിൽ ചിത്രങ്ങൾ വരച്ച് ഡീറ്റൈലിംഗ് നൈഫ് ഉപയോഗിച്ച് മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. പ്രകാശത്തിനെതിരെ പിടിച്ചാല്‍ ചിത്രങ്ങള്‍ അതിന്റെ തനിമ നഷ്ടപ്പെടാതെ ആസ്വദിക്കുകയും ചെയ്യാം. ചിത്രങ്ങൾ ഇലയിലായതിനാൽ നശിച്ചു പോവാതിരിക്കാൻ കൂടുതലും ഫ്രെയിം ചെയ്ത് വെച്ചിരിക്കുകയാണ്. ഇപ്പോൾ ലീഫ് ആർട്ടിനായി ആവശ്യക്കാരേറെയാണ്. ആൾക്കാരുടെ മുഖങ്ങളും ഇലയിൽ വരച്ചുതുടങ്ങിയതോടെ കല്യാണം, പിറന്നാൾ, വെഡിങ് ആനിവേഴ്സറി തുടങ്ങിയ ആവശ്യങ്ങൾക്കായും ആളുകൾ എത്തുന്നുണ്ട്. ഇപ്പോൾ പിഎസ്‌സി പരീക്ഷകള്‍ക്കായി പഠിച്ചുക്കൊണ്ടിരിക്കുന്ന ജിഷ്‌ണു ലീഫ് ആർട് അല്ലാതെ സ്‌മോക്ക് ആർട്ടും ചെയ്യുന്നുണ്ട്.