കണ്ണൂർ: ദേശീയപാത വികസനത്തിന് സ്ഥലം നല്‍കിയവര്‍ക്കുള്ള നഷ്ട്പരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ടി വി രാജേഷ് എംഎൽഎ. കല്യാശേരിയിൽ നിന്നുള്ള സിപിഎം എംഎൽഎയായ ടി വി രാജേഷ് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കത്ത് നൽകി. കുഞ്ഞിമംഗലം വില്ലേജിൽ 222 പേർക്ക് 4.3608 ഹെക്ടര്‍ സ്ഥലത്തിന് 58.89 കോടിയും ചെറുതാഴത്ത് 4.0299 ഹെക്ടര്‍ സ്ഥലത്തിന് 242 പേർക്ക് 96.04 കോടിയും കല്ല്യാശേരിയിൽ 7.9438 ഹെക്ടര്‍ സ്ഥലത്തിന് 452 പേർക്ക് 172.78 കോടിയും നഷ്ടപരിഹാരമായി ലഭിക്കാനുണ്ട്.
കല്ല്യാശേരി വില്ലേജില്‍ 50 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ബാക്കി 122.78 കോടി രൂപ ലഭിക്കാനുണ്ട്. പാപ്പിനിശേരി വില്ലേജിൽ 6.1767 ഹെക്ടര്‍ സ്ഥലവും 235 പേർക്ക് 112.27 കോടിയും നൽകാനുണ്ട്. പാപ്പിനിശേരി വില്ലേജില്‍ ഇപ്പോള്‍ 64 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടെങ്കിലും ബാക്കി 48.27 കോടി രൂപ നഷ്ടപരിഹാരം ലഭിക്കാനുണ്ട്. കടന്നപ്പള്ളി വില്ലേജിൽ 0.0399 ഹെക്ടര്‍ സ്ഥലവും മൂന്ന് പേർക്ക് 1.75 കോടിയും നൽകാനുണ്ട്. ഇത് എത്രയും വേഗത്തിൽ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എംഎൽഎ കത്ത് നൽകിയത്.