കണ്ണൂര്‍: റെയില്‍വേ ഉദ്യോഗസ്ഥ ചമഞ്ഞ് നിരവധി പേരെ തട്ടിപ്പിനിരയാക്കിയ യുവതി അറസ്റ്റില്‍. ഇരിട്ടി ചരൾ സ്വദേശിനി ബിനിഷ ഐസക്കാണ് (27) പിടിയിലായത്. വെള്ളിയാഴ്‌ച(ജൂണ്‍ 24) വൈകിട്ടാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
റെയില്‍വേ ടി.ടി.ഇ ആണെന്ന് പറഞ്ഞ് ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ജോലി വാഗ്‌ദാനം ചെയ്‌ത് ഘട്ടം ഘട്ടമായി നിരവധി പേരുടെ കൈയില്‍ നിന്ന് 50,000 രൂപ മുതല്‍ ഒരു ലക്ഷത്തിലധികം രൂപ വരെ തട്ടിയിരുന്നു. തട്ടിപ്പിനിരയായ കണ്ണൂര്‍, കുറ്റ്യാടി സ്വദേശികളായ ആറ് പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് യുവതി പിടിയിലായത്. തട്ടിപ്പെന്ന് തോന്നാതിരിക്കാന്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഗഡുക്കളായാണ് പണം വാങ്ങിയിരുന്നത്.
ടി.ടി.ഇയുടെ വസ്‌ത്രം ധരിച്ച ഫോട്ടോയും, വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇവരുടെ പക്കലുണ്ട്. ബിനിഷയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിച്ചതില്‍ നിന്നും നിരവധി പേര്‍ തട്ടിപ്പിന് ഇരയായതായി പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്‌തത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
also read: വ്യാജ വെബ്‌സൈറ്റുകൾ വഴി ഭക്തരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് പൂജാരിമാർ