കണ്ണൂര്‍: തളിപ്പറമ്പിലെ സമ്പൂർണ്ണ ലോക്ക് ഡൗണിൽ ഇളവ് നൽകി വ്യാപാരം നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. തുടർച്ചയായ അടച്ചിടൽ വ്യാപാരി സമൂഹത്തിന്‍റെ നട്ടെല്ല് തകർക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. തളിപ്പറമ്പിൽ കൃഷി വകുപ്പ് ഓണസമൃദ്ധി - 2020 എന്ന പേരില്‍ വിപണന മേള നടത്തുന്നുണ്ട്. എന്നാല്‍ വ്യാപാരികൾ കച്ചവടം നടത്താന്‍ പാടില്ലെന്ന കലക്ടറുടെ നിലപാട് ഇരട്ടത്താപ്പാണെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ലോക്ക് ഡൗൺ നടപ്പിലാക്കിയപ്പോൾ അതിന്‍റെ കൂടെ നൂറുശതമാനവും സഹകരിച്ച വിഭാഗമാണ് വ്യാപാരികൾ. എന്നാൽ ഇന്ന് ഇതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന വിഭാഗം വ്യാപാരികളും അവരെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളി കുടുംബവുമാണെന്നും നേതാക്കള്‍ ആരോപിച്ചു. മറ്റിടങ്ങളില്‍ കൊവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയപ്പോള്‍ തളിപ്പറമ്പിൽ മാത്രമാണ് ഈ ദുരവസ്ഥ. മേളകളും വിപണന കേന്ദ്രങ്ങളും നടത്താനുള്ള അനുമതി കൊടുക്കുകയാണെങ്കിൽ വ്യാപാരികൾക്ക് കടകൾ തുറക്കാനും തൊഴിലാളികൾക്ക് ജോലി ചെയ്യാനും അനുമതി നൽകണമെന്നും തളിപ്പറമ്പ് മർച്ചന്‍റ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.