കണ്ണൂര്‍ : കൂത്തുപറമ്പ് നഗരത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് കിസാന്‍ ഹോട്ടല്‍. എലിപ്പറ്റച്ചിറയിലെ കണ്ണൂര്‍-കൂത്തുപറമ്പ് (Kuthuparamba) റോഡില്‍ നടപ്പാതയോട് ചേര്‍ന്ന് നില്‍ക്കുന്ന കിസാന്‍ ഹോട്ടലിന് (kisaan Hotel) ആകര്‍ഷണീയത ഒട്ടുമില്ല. എന്നാല്‍ നാടന്‍ രുചി തേടിയെത്തുന്നവര്‍ക്ക് ഈ ഹോട്ടല്‍ പൂര്‍ണ സംതൃപ്‌തി നല്‍കുന്നു. കീശ കാലിയാകാതെ ഊണ് (kisaan Hotel Lunch) കഴിച്ച് തൃപ്‌തിയടയാന്‍ കിസാന്‍ ഹോട്ടലില്‍ എത്തുന്നവര്‍ നിരവധിയാണ്. സാധാരണക്കാര്‍ക്ക് വേണ്ടി വീട്ടിലെ ഊണിന് സമാനമായ ഭക്ഷണമാണ് കിസാന്‍ ഹോട്ടലില്‍ ഒരുക്കുന്നത്.
പാരമ്പര്യമായി തുടരുന്ന ഭക്ഷണ രുചിക്കൂട്ടുകളാണ് കിസാന്‍ ഹോട്ടലിന്‍റെ അടുക്കള രഹസ്യം. ഹോട്ടലിന്‍റെ ഉടമകളെന്നും തൊഴിലാളികളെന്നും പറയാവുന്ന സഹോദരങ്ങളായ പ്രേമനും പ്രകാശനുമാണ് ഇലവയ്‌ക്കുന്നതും വിളമ്പുന്നതും വൃത്തിയാക്കുന്നതുമെല്ലാം. കിസാനിലെ നാടന്‍ രുചി എങ്ങനെ നിലനിര്‍ത്തുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരവും ലളിതം.
ഹോട്ടലില്‍ നിന്നും വിളിപ്പാടകലെയാണ് സഹോദരങ്ങളുടെ വീടുകള്‍. മീന്‍ കറി വീട്ടില്‍ നിന്നും തയ്യാറാക്കും. മറ്റ് അരവുകളും ചേരുവകളും ഹോട്ടലില്‍ കൊണ്ടുവന്ന് പാകം ചെയ്യും. എല്ലാം തയ്യാറാക്കുന്നത് പ്രേമന്‍റെയും പ്രകാശന്‍റെയും ഭാര്യമാരുൾപ്പെടെയുള്ളവരാണ്. മുളകും മഞ്ഞളും മല്ലിയും ഉള്‍പ്പെടെയുള്ള ചേരുവകള്‍ എല്ലാം സ്വയം തയ്യാറാക്കുന്നു. തേങ്ങ അരച്ചു ചേര്‍ത്ത മീന്‍കറി, സാമ്പാര്‍ അല്ലെങ്കില്‍ പരിപ്പുകറി, പച്ചടി, വറവ്, അച്ചാര്‍, പപ്പടം എന്നിവയടങ്ങുന്ന ഊണിന് 45 രൂപയാണ് വില.
ഇതെങ്ങനെ നല്‍കാന്‍ കഴിയുന്നു എന്ന് ചോദിച്ചാലുമുണ്ട് മറുപടി. ഹോട്ടല്‍ കെട്ടിടം സ്വന്തമാണ്. അതിനാല്‍ വാടക കൊടുക്കേണ്ട. തൊഴിലാളികള്‍ കുടുംബാംഗങ്ങള്‍ തന്നെ. ലാഭേച്ഛ ഇല്ലാതെ കൂലിമാത്രം ലഭിച്ചാല്‍ മതിയെന്ന കാഴ്‌ചപ്പാടാണ് ഇപ്പോഴത്തെ നടത്തിപ്പുകാര്‍ക്കുള്ളത്. ഊണിന് പുറമേ സ്‌പെഷ്യലായി പൊരിച്ച മീനും നല്‍കും. അയല, മത്തി, കട്‌ല തുടങ്ങിയ സാധാരണക്കാരുടെ ബഡ്‌ജറ്റ് കണക്കാക്കിയുള്ള മീനുകൾ മാത്രമേ തയ്യാറാക്കാറുള്ളൂ.
1960 ലാണ് കര്‍ഷകനായ കളത്തില്‍ കുഞ്ഞിരാമൻ കിസാന്‍ ഹോട്ടൽ ആരംഭിച്ചത്. അതിനും ഒട്ടേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓലമേഞ്ഞ അവില്‍ മില്ലായിരുന്നു ഈ കെട്ടിടം. പിന്നീട് കട്ടന്‍ കാപ്പിയും കപ്പയും നല്‍കുന്ന കടയാക്കി മാറ്റി. തുടര്‍ന്നാണ് കിസാന്‍ ഹോട്ടലായി മാറിയത്. കുഞ്ഞിരാമന്‍റെ മക്കളായ അച്ചുതനും ദാമോദരനും ആയിരുന്നു പിന്നീട് നടത്തിപ്പുകാര്‍. അവരുടെ മക്കളാണ് ഇപ്പോഴത്തെ ഉടമകള്‍.
രാവിലെ ആറ് മണിക്ക് ഹോട്ടല്‍ സജീവമാകും. ആറേകാലിന് പൂരി, പുട്ട്, വെള്ളയപ്പം എന്നിവ റെഡി. ആവി പറക്കുന്ന ചെറുപയര്‍ കറി, സ്റ്റ്യൂ, കടലക്കറി, എന്നിവയും ഒരുക്കും. അപ്പോഴേക്കും എത്തും ഒട്ടേറെ തൊഴിലാളികള്‍. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണി ആകുമ്പോഴേക്കും ഊണ് തയ്യാറാകും. അത് വൈകിട്ട് മൂന്ന് മണിവരെ വരെ തുടരും.
ഹോട്ടലിനകത്തെ സൗകര്യം പരിമിതമാണ്. അതിനാല്‍ ഇരുന്ന് ഊണ് കഴിക്കാന്‍ എളുപ്പമല്ല. കിസാനിലെ രുചികരമായ ഭക്ഷണം ആസ്വദിക്കാന്‍ ഭക്ഷണപ്രിയന്‍മാര്‍ പാര്‍സല്‍ വാങ്ങി കൊണ്ടു പോകുന്നതാണ് പതിവ്. കാല്‍ നൂറ്റാണ്ടിലേറെ സ്ഥിരമായി ഉച്ചയൂണിന് ആളുകൾ എത്തുന്നത് കാണുന്നത് തന്നെയാണ് ഏറ്റവും വലിയ സംതൃപ്‌തി എന്ന് കിസാന്‍ ഹോട്ടല്‍ ഉടമയായ പ്രേമന്‍ പറയുന്നു. നഗരത്തിന് പുറത്തായിട്ടും നാടന്‍ രുചിയുടെ നന്മ അനുഭവിച്ചറിയാന്‍ ഈ ഹോട്ടലില്‍ എത്തുന്നവര്‍ കുറവല്ല.