കണ്ണൂർ: ഒഴിഞ്ഞ പറമ്പുകളും ശ്‌മശാനങ്ങളും കാടുകയറിയ പ്രദേശങ്ങളും തേടിപ്പിടിക്കുകയാണ് കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ. സ്ഥലം കണ്ടു കിട്ടിയാല്‍ പിന്നെ കളമൊരുക്കലായി, അതിനായി ജെസിബി വരും. ഇതൊക്കെ എന്തിനെന്ന് ചോദിച്ചാല്‍ സംഗതി ലേശം പുതിയ പരിപാടിയാണ്... കുറുന്തോട്ടി കൃഷി. ആവശ്യക്കാർക്ക് ഗുണമേന്മയുള്ള നാട്ടുമരുന്നുകളും കർഷകർക്ക് നല്ല വരുമാനവുമാണ് ലക്ഷ്യം. കേരളത്തിൽ അത്യപൂർവ്വമായ കുറുന്തോട്ടി കൃഷിയിലൂടെ ഔഷധ ഗ്രാമം എന്ന ഖ്യാതിയാണ് കല്ല്യാശ്ശേരി ലക്ഷ്യമിടുന്നത്.
നിലവില്‍ 25 ഏക്കറിലാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. അടുത്ത വർഷം 10 പഞ്ചായത്തുകളിലായി 100 ഏക്കറില്‍ കുറുന്തോട്ടി കൃഷിയാണ് ലക്ഷ്യം. പദ്ധതി പൂർണമായാല്‍ 200 പേർക്ക് നേരിട്ട് തൊഴില്‍ ഉറപ്പാണ്. എളുപ്പത്തില്‍ വിളവ് ലഭിക്കുമെന്നതും വന്യമൃഗശല്യം ഉണ്ടാകില്ല എന്നതും കുറുന്തോട്ടികൃഷിയുടെ പ്രത്യേകതയാണ്.
ഇവിടെ കാറ്റിന് പോലും കുറുന്തോട്ടി മണം: കല്ല്യാശ്ശേരി എംഎൽഎ വിജിന്‍റെ നേതൃത്വത്തിലാണ് വിവിധ പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കുന്നത്. ഔഷധ കൃഷിയുടെ ആദ്യ ഘട്ടമായി ലക്ഷക്കണക്കിന് കുറുന്തോട്ടി ചെടികളാണ് മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചത്. കടന്നപ്പള്ളി -പാണപ്പുഴ, ഏഴോo, കണ്ണപുരം പഞ്ചായത്തുകളിൽ 25 ഏക്കറിലാണ് പൈലറ്റ് പ്രോജക്ട് ആയി ഇത്തവണ കൃഷി ഇറക്കിയത്.
കൃഷി വകുപ്പിന്‍റെ സഹായത്തോടെ 16 ലക്ഷം രൂപയാണ് ആദ്യഘട്ടമായി ധനസഹായം ആയി ലഭിച്ചത്. കർഷകർക്ക് പുതിയ വരുമാന പദ്ധതിയാണ് കൃഷിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് തോട്ടങ്ങളുടെ പരിപാലനം കൊണ്ടുപോകുന്നത്. ഏഴോo പഞ്ചായത്തിലെ 12-ാം വാർഡിൽ പഴയങ്ങാടിയിലെ ശാന്തിവനം ശ്മശാന ഭൂമിയിൽ 16 പേർ ചേർന്നാണ് കൃഷിയിറക്കിയത്.
ഒരടി ഉയരത്തിൽ താഴെയായി വളം ചെയ്യാനും കള പറിക്കാനും സൗകര്യത്തിൽ ആണ് കുറുന്തോട്ടി ചെടികൾ നടുക. ഇതിനായി കളമൊരുക്കിയത് ജെസിബി ഉപയോഗിച്ചാണ്. കുമ്മയാവും ജൈവ വളവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആറുമാസം കൊണ്ട് കുറുന്തോട്ടി ചെടികൾ വിളവെടുക്കാം.
ആയുർവേദ മരുന്നുകൾക്ക് കുറുന്തോട്ടിയുടെ വേരാരാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റു കൃഷികളെ അപേക്ഷിച്ച് തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയുടെ ഇടയിലും കുറുന്തോട്ടി ഇടവിളയായി കൃഷി ചെയ്യാം. നിലവിൽ ആവശ്യമുള്ളതിന്റെ കണക്കിൽ 30% മാത്രമേ കുറുന്തോട്ടി വിപണിയിൽ ലഭിക്കുന്നുള്ളൂ. കല്ല്യാശ്ശേരി മണ്ഡലത്തിലെ കൃഷി പൂർണ്ണമായി വിജയമായാൽ ഇതിന് പരിഹാരം ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തൃശ്ശൂർ ആസ്ഥാനമായ മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് ആവശ്യമായ കൃഷിക്ക് ഉപദേശ നിർദ്ദേശങ്ങൾ നൽകുന്നത്. വിളവെടുപ്പിന് പാകമായാൽ പൊതുമേഖല സ്ഥാപനമായ ഔഷധി ഉൾപ്പെടെയുള്ള ആയുർവേദ മരുന്നുകൾ കമ്പനികൾക്ക് ചെടി കൈമാറുകയാണ് ലക്ഷ്യം.