കണ്ണൂര്‍: കേരള പൊലീസിനെയും ആഭ്യന്ത വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. പൊലീസ് സ്റ്റേഷനുകളില്‍ ആര് പോയാലും ക്രൂരമര്‍ദനമാണെന്നും സ്റ്റേഷനുകള്‍ സെമി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പായി മാറിയെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസുകാര്‍ അക്രമികളായി മാറിയെന്നും എന്തിനെയും തല്ലാമെന്ന നിലയാണ് അവര്‍ക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അവര്‍ക്കെതിരെയും നടപടിയില്ല. അതിനാല്‍ തിരുത്താന്‍ വേറെ വഴിയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പീഡന കേസില്‍ പെരുമ്പാവൂർ എംഎൽഎ എൽദോസിനെതിരായ നടപടി പരിഗണയിലാണെന്നും സംഭവത്തിലെ വിശദീകരണവും കോടതി ഉത്തരവും പഠിക്കേണ്ടതുണ്ടെന്നും നേതാക്കളുമായി ചര്‍ച്ച ചെയ്‌ത് ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.