കണ്ണൂർ : പിണറായി വിജയന് പിന്നാലെ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വഖഫ് നിയമന വിവാദത്തിൽ ലീഗ് നടത്തുന്ന പ്രചരണ കോലാഹങ്ങൾ ആത്മാർഥത ഇല്ലാത്തതും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്ന് കോടിയേരി പറഞ്ഞു.
Waqaf Controversy : വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം ഉണ്ടായത് 2017 ലെ മന്ത്രിസഭാ യോഗത്തിലാണ്. അന്ന് ലീഗിന് എതിർപ്പ് ഉണ്ടായിരുന്നില്ല. 2020 ല്‍ ഓഡിനൻസ് ഇറങ്ങിയപ്പോഴും ലീഗ് എതിർത്തിട്ടില്ല.
Muslim League Protest : താത്കാലിക ജീവനക്കാരെ സംരക്ഷിക്കുന്ന രീതിയിലുള്ള നടപടി കൂടി കൈകൊള്ളണമെന്നാണ് സഭയിൽ ലീഗ് ഉന്നയിച്ചത്. അല്ലാതെ ബില്ലിനെ എതിർത്തിട്ടില്ല. ഒരു പ്രതിഷേധവും നിയമസഭയിൽ ലീഗിന്‍റെ അംഗങ്ങൾ ചെയ്‌തിട്ടില്ലെന്നും പിന്നെന്തിനാണ് ഇപ്പോൾ സമരം ചെയ്യുന്നതെന്നും കോടിയേരി ചോദിച്ചു.
ALSO READ: 'നാട്ടുകാര്‍ കളിയാക്കുന്നു' ; കോട്ടയത്ത് കുഞ്ഞിനെ കൊന്നതിന് അറസ്‌റ്റിലായ അമ്മയുടെ മൊഴി
ഈ വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടയാണ് ലീഗ് ഇപ്പോൾ നടപ്പാക്കുന്നത്. സാമുദായിക ധ്രുവീകരണത്തിനാണ് ലീഗ് ശ്രമിക്കുന്നത്. ആർഎസ്എസ് ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുമ്പോൾ ഇസ്‌ലാമിക തീവ്രവാദം ആണ് ലീഗ് പ്രചരിപ്പിക്കുന്നത്. ഇത്തരം നീക്കങ്ങളെ കേരളത്തിലെ ഇസ്‌ലാം മതവിശ്വാസികള്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.
പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിൽ ചർച്ച ചെയ്യണം. അല്ലാതെ തെരുവിലിറങ്ങി കലാപമുണ്ടാക്കാനുള്ള ശ്രമം ലീഗ് അവസാനിപ്പിക്കണം. വഖഫ് വിഷയത്തിൽ സമസ്‌തയുടെ നിലപാട് സ്വാഗതാർഹമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പള്ളികൾ സംഘർഷ ഭൂമിയാക്കാനുള്ള പദ്ധതി പൊളിഞ്ഞപ്പോൾ ആണ് ലീഗ് തെരുവിലേക്കിറങ്ങിയത്. ഇതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കെപിസിസിയെ നയിക്കുന്നത് ലീഗ് ആണോയെന്ന് കോണ്‍ഗ്രസുകാർ പരിശോധിക്കണമെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.