കണ്ണൂര്‍: കണ്ണൂർ ഗവണ്‍മെന്‍റ് കോളജ് ആശുപത്രിയിൽ നിന്ന് ശനിയാഴ്ച മൂന്ന് പേര്‍ കൊവിഡ് രോഗമുക്തി നേടി. ആലക്കോട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ നിന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മാർച്ച് 24 ന് ആണ് 35 വയസുള്ള യുവാവിനെ കൊവിഡ് സംശയിച്ച് കണ്ണൂർ ഗവണ്‍മെന്‍റ് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതിനു ശേഷം ഈ വ്യക്തിയുടെ മാതാപിതാക്കൾക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ 10ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 29 ആയി ഉയർന്നു.
ഇത്രയും രോഗികള്‍ സുഖം പ്രാപിച്ചത് കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിന് അഭിമാനിക്കാവുന്ന ഒന്നാണെന്ന് പ്രിൻസിപ്പൽ ഡോ.എൻ. റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. സുദീപ് എന്നിവർ പറഞ്ഞു. രോഗമുക്തി നേടിയ കുടുംബാംഗങ്ങളെ പ്രിൻസിപ്പൽ ഡോ എൻ റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ ഡി കെ മനോജ്, ക്യാഷ്വാലിറ്റി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ വിമൽ രോഹൻ, ആർ എം ഒ സരിൻ എന്നിവരടക്കമുള്ള കൊവിഡ് ബോർഡിലെ ഡോക്ടർമാരും മറ്റു നഴ്‌സിങ് ജീവനക്കാരും പാരാമെഡിക്കൽ ജീവനക്കാരും ചേർന്ന് യാത്രയാക്കി.