കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവും പിറകെ വധശ്രമത്തിനും ഇരയായ തലശ്ശേരിയിലെ സിപിഎം വിമത നേതാവ് സി ഒ ടി നസീർ ഇടവേളക്ക് ശേഷം വീണ്ടും വാർത്തയില്‍ നിറയുന്നു. ആസന്നമായ നഗരസഭ തെരഞ്ഞെടുപ്പിൽ മൂന്ന് വാർഡുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന് തലശ്ശേരിയിലെ കിവീസ് ക്ലബ്ബ് രക്ഷാധികാരി കൂടിയായ നസീർ അറിയിച്ചു.
മരിയമ്മ (45), പാലിശ്ശേരി (49) വാർഡുകളിൽ സ്ഥാനാർഥികളെ നിശ്ചയിച്ചു. മത്സരിക്കുന്ന മൂന്നാമത്തെ വാർഡ് ഏതെന്ന് ഉടനെ നിശ്ചയിക്കും. 14 വർഷം നഗരത്തിലും പരിസരങ്ങളിലും സജീവമായി സാമൂഹിക-സാന്ത്വന പരിചരണ മേഖലകളിൽ പ്രവർത്തിച്ച കിവീസ് ക്ലബ്ബ് അർപ്പണബോധമുള്ള യുവതയുടെ കൂട്ടായ്‌മയാണെന്ന് നസീർ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ക്ലബ്ബ് വളണ്ടിയർമാരെയാണ് സ്ഥാനാർഥികളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ഘടകക്ഷികൾ മത്സരിക്കുന്ന വാർഡുകളിലാണ് സ്ഥാനാർഥികളെ നിർത്തുന്നത്. സിപിഎം പട്ടികയിൽ മത്സരിക്കുന്ന സഹോദരൻ ഷബീറിന്‍റെ സ്ഥാനാർഥിത്വത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഒരു പാർട്ടിയോടും ആശയത്തിനോടും എതിർപ്പില്ല. എല്ലാവരുടെയും പ്രവർത്തനം ജനനന്മക്കാകട്ടെയെന്നും കുടുംബത്തിന്‍റെ ആശയവുമായി മുന്നോട്ട് പോകുകയാണെന്നും നസീർ പറഞ്ഞു.