കണ്ണൂർ : ഭാഗ്യം തേടാത്ത മനുഷ്യരുണ്ടോ... അങ്ങനെയൊരു ഭാഗ്യാന്വേഷിയാണ് കണ്ണൂർ ജില്ലയിലെ പഴയങ്ങാടി നെരുവമ്പ്രത്തെ പ്രകാശൻ. ജോലി കഴിഞ്ഞ് പ്രകാശൻ സൈക്കിളില്‍ കയറി നേരെയെത്തുന്നത് പഴയങ്ങാടിയിലെ തമ്പുരാൻ ലോട്ടറി സ്റ്റാളിലേക്ക്. (65 Old Man Still Trying For Lottery Luck) കാര്യങ്ങൾ ഇപ്പോൾ ഏതാണ്ട് വ്യക്തമായിക്കാണുമല്ലോ... ലോട്ടറിയാണ് പ്രകാശൻ തേടുന്ന ഭാഗ്യം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല... കൃത്യമായി പറഞ്ഞാൽ 30-35 വർഷം മുമ്പ്.
ചെറിയ ലോട്ടറികളിൽ തുടങ്ങി. ഇപ്പൊ വലുതായി. അതിനൊപ്പം പോക്കറ്റ് ചെറുതായി. അതാണ് പ്രകാശന്‍റെ ലോട്ടറി പ്രേമം. ഈ ഓണക്കാലത്ത് പ്രകാശന് ബമ്പർ പ്രതീക്ഷയുണ്ടായിരുന്നു. എടുത്തത് 91 ടിക്കറ്റുകൾ. പോക്കറ്റില്‍ നിന്നിറങ്ങിയത് 45000 രൂപ. അടിച്ചത് 4000 രൂപ മാത്രം. കഴിഞ്ഞ ഓണക്കാലത്തും പോക്കറ്റ് കാലിയാക്കിയാണ് ടിക്കറ്റെടുത്തത്. ഇക്കാലത്തിനിടെ എടുത്തത് 50 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളെന്നാണ് പ്രകാശന്‍റെ 'ഭാഗ്യ'ക്കണക്ക്. ഇതുവരെ ബമ്പർ ഒന്നും അടിച്ചില്ലെങ്കിലും പ്രകാശൻ പ്രതീക്ഷയിലാണ്.
ലോട്ടറിയോട് എന്താണ് ഇത്ര ഭ്രമം എന്ന് ചോദിച്ചാൽ പ്രകാശന്റെ ഉത്തരം ഇത്രമാത്രം. കള്ളുകുടിയില്ല, പുകവലിയില്ല, മറ്റ് ദുശീലങ്ങൾ ഒന്നുമില്ല, അധ്വാനിക്കും... ഭാഗ്യം തേടിപ്പോകും. പ്രകാശന് മറ്റൊന്നു കൂടി പറയാനുണ്ട്...ഇത്രയധികം കേരള ലോട്ടറി ടിക്കറ്റുകൾ എടുത്ത തനിക്ക് സർക്കാർ പ്രോത്സാഹന സമ്മാനം തരണം. അതിലൊരല്‍പ്പം പരിഭവവുമുണ്ട്. കാരണം ഇനി അധികകാലം ലോട്ടറിയുടെ പിന്നാലെ ഭാഗ്യം തേടി പോകാൻ കഴിയില്ല. 65 വയസായി തൊഴിൽ എടുക്കാൻ ബുദ്ധിമുട്ടാണ്. ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടാണ് ലോട്ടറി എടുത്തത്. ഇനി അതിന് കഴിയുമെന്ന് കരുതുന്നില്ല. ഭാര്യയും മക്കളുമില്ല. ലോട്ടറിയെടുക്കുന്നതിന്‍റെ പേരില്‍ നാട്ടുകാരുടെ പരിഹാസവും വെല്ലുവിളിയും വേറെ. പിന്തുണച്ചവരുമുണ്ട്. എന്നാലും പ്രകാശൻ ഭാഗ്യം തേടിയുള്ള യാത്രയിലാണ്..