കണ്ണൂർ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ കേരളത്തിലെ വിവിധ രാഷ്‌ട്രീയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മികച്ച പാർലമെൻ്റേറിയനും കേരളത്തിൻ്റെ വികസന വഴിയിൽ നിരവധിയായ സംഭാവനകൾ നൽകിയ പൊതുപ്രവർത്തകനുമായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. നല്ല വ്യക്തി ബന്ധമാണ് ആര്യാടനുമായി ഉണ്ടായിരുന്നതെന്നും ജയരാജൻ പറഞ്ഞു.
കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്‌ടമെന്ന് ഉമ്മന്‍ ചാണ്ടി: കോണ്‍ഗ്രസിന്‍റെ മലബാറിലെ അതികായനും, കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍ കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.
2004ലെ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു. കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്‌ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആര്യാടൻ പുതുതലമുറയ്ക്ക് മാത്യകയാക്കാവുന്ന വ്യക്തിത്വമെന്ന് കെ സുധാകരന്‍: കോണ്‍ഗ്രസിന്‍റെ പാരമ്പര്യവും മഹത്വവും ആശയങ്ങളും ആരുടെ മുന്നിലും അടിയറവ് വയ്‌ക്കേണ്ടതല്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ നേതാവാണ് ആര്യാടന്‍ മുഹമ്മദെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. അഗാതമായ അറിവും രാഷ്ട്രീയ നിലപാട് തന്‍റേടത്തോടെ ആരുടെ മുന്‍പിലും പറയാനുള്ള ധൈര്യവുമാണ് മറ്റുള്ള നേതാക്കളില്‍ നിന്നും ആര്യാടനെ വ്യത്യസ്‌തനാക്കിയത്. ഏത് പ്രതിസന്ധിഘട്ടത്തിലും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിലും ആര്യാടന്‍ കാട്ടിയിട്ടുള്ള കഴിവും ദീര്‍ഘവീക്ഷണവും കാലം എന്നും ഓര്‍മിക്കും.
മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തുന്നതില്‍ ആര്യാടന്‍റെ പങ്ക് വളരെ വലുതാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആര്യാടന്‍ ഒഴിച്ചിട്ട ഇടം ആര്‍ക്കും നികത്താന്‍ സാധിക്കാത്തതാണ്. കഷ്‌ടപ്പെടുന്ന ജനവിഭാഗത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവ് കൂടിയായിരുന്നു അദ്ദേഹം.
മികച്ച ഭരണകര്‍ത്താവും സമാജികനുമായിരുന്നു ആര്യാടന്‍. പുതുതലമുറയ്ക്ക് മാത്യകയാക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് എന്നും ആവേശം പകര്‍ന്ന് സാധാരണക്കാരുടെ നേതാവായി വളര്‍ന്ന വ്യക്തിയാണ് ആര്യാടനെന്നും കെ സുധാകരൻ പറഞ്ഞു.
ആര്യാടൻ ഐക്യജനാധിപത്യ മുന്നണിയുടെ മുൻനിര പോരാളിയായിരുന്നെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ: ആര്യാടൻ മുഹമ്മദിൻ്റെ വേർപാട് ജനാധിപത്യ കേരളത്തിന് കനത്ത നഷ്‌ടവും, മതേതര ചേരിക്ക് ഏറെ ആഘാതവുമുണ്ടാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നവകേരളത്തിൻ്റെ പുരോഗതിയിലും കോൺഗ്രസ് പാർട്ടിയുടെ വളർച്ചയിലും വലിയ പങ്കു വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ മുൻനിര പോരാളിയായിരുന്ന അദ്ദേഹം കർമ്മനിരതനായ സംഘാടകനും, മികച്ച ഭരണാധികാരിയും, ആരേയും ആകർഷിക്കുന്ന പ്രസംഗ വൈഭവത്തിനുടമയുമായിരുന്നു.
അടുപ്പക്കാരുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞാക്കയായിരുന്ന അദ്ദേഹത്തിൻ്റെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തുന്നതായി തങ്ങൾ പറഞ്ഞു.