കണ്ണൂർ: സഹപ്രവർത്തകന്‍റെ ചികിത്സക്ക് വേണ്ടി കാരുണ്യ യാത്ര നടത്തി ധനം സമാഹരിക്കുകയാണ് തൊട്ടിൽപ്പാലത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ. രണ്ട് ലക്ഷത്തോളം രൂപയാണ് കനത്ത മഴയ്ക്കിടയിലും 150 ഓട്ടോറിക്ഷകൾ ഓടിച്ച് തൊഴിലാളികൾ സമാഹരിച്ചത്.
തൊട്ടിൽപ്പാലത്തെ ഓട്ടോ തൊഴിലാളിയായ ആശ്വസിയിലെ പിലാക്കണ്ടി ബിജേഷ് ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. വൃക്ക മാറ്റിവച്ചാൽ മാത്രമേ ബിജേഷിന് ഇനി ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിയുകയുള്ളൂ. 15 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കും തുടർചികത്സയ്ക്കും ചിലവ് പ്രതീക്ഷിക്കുന്നത്. ബിജേഷിന്‍റെ നിർധന കുടുംബത്തെ സഹായിക്കാൻ തൊട്ടിൽപ്പാലത്തെ നൂറ്റി അൻപതോളം വരുന്ന ഓട്ടോകൾ ഒരു ദിവസത്തെ ഓട്ടം ബിജേഷിന്റെ ധനസമാഹരണത്തിനായ് മാറ്റിവച്ചു. ഓട്ടോ തൊഴിലാളികൾ സമാഹരിച്ച സംഖ്യ ചികിത്സ കമ്മറ്റിയെ ഏൽപിക്കും. ഭാര്യയും കുഞ്ഞും അടങ്ങുന്ന ബിജേഷിന്റെ കുടുംബത്തിന്‍റെ ദുരിതമറിഞ്ഞ് കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് നാട്ടുകാർ ചികിത്സാ കമ്മറ്റി രൂപീകരിച്ച് ധന സമാഹരണം നടത്തുന്നത്.