കണ്ണൂര്‍: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കരിവെള്ളൂര്‍ ഓട്ടോറിക്ഷ സ്റ്റാൻഡ് ഇല്ലാതായതോടെ പ്രതിസന്ധിയിലായി ഓട്ടോ തൊഴിലാളികള്‍. റോഡിന്‍റെ നിര്‍മാണം നടക്കുന്നതനുസരിച്ച് ഓരോ ഭാഗത്തേക്ക് സ്റ്റാന്‍ഡ് മാറ്റേണ്ടി വന്നതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. റോഡ് നിർമാണം പൂർത്തിയായാൽ ഓട്ടോ സ്റ്റാൻഡ് എവിടെ സ്ഥാപിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പാതയോരത്തെ ഓട്ടോ ടാക്‌സി സ്റ്റാൻഡുകൾ മിക്കവയും ഇരുവശത്തുമുള്ള പോക്കറ്റ് റോഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ പോക്കറ്റ് റോഡുകൾക്ക് ആവശ്യമായ വീതി ഇല്ലാത്തതിനാൽ കരിവെള്ളൂരിലെ ഓട്ടോ ഡ്രൈവർമാർക്ക് ഇതിനും മാർഗമില്ല. റോഡ് നിർമാണം പൂർത്തിയായാൽ റോഡരികിൽ സ്റ്റാന്‍ഡ് അനുവദിക്കാൻ സാധ്യതയില്ലെന്ന ആശങ്കയും ഡ്രൈവർമാർക്കുണ്ട്.
ഓട്ടോ സ്റ്റാൻഡിന്‍റെ പ്രശ്‌നം ഗൗരവപൂർവം പഞ്ചായത്ത് പരിഗണിക്കുമെന്ന് കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ വി ലേജു പറഞ്ഞു.