കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീടുകളില്‍ കസ്റ്റംസിന്‍റെ തെളിവെടുപ്പ്. അര്‍ജുന്‍ ആയങ്കിയെ എത്തിച്ചായിരുന്നു അന്വേഷണസംഘത്തിന്‍റെ നീക്കം.
ഷാഫിയടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രവർത്തിച്ചതെന്നും സ്വർണം തട്ടിയെടുക്കാൻ ഇയാളിൽ നിന്നും സഹായം തേടിയിരുന്നെന്നും അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇയാളുടെ സംഘത്തിലുള്ള മുപ്പതോളം പേരെ കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Read more: ഫോൺ പുഴയിൽ ഉപേക്ഷിച്ചതായി അർജുൻ; വിശ്വസിക്കാതെ കസ്റ്റംസ്
ഇന്ന് രാവിലെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണത്തിനായി അർജുനെ കണ്ണൂരിലെത്തിച്ചത്. തുടർന്ന് വീട്ടിലും കാർ കണ്ടെത്തിയ പരിസരങ്ങളിലും ഇയാളെയെത്തിച്ച് തെളിവെടുത്തു.
കേസിലെ നിർണായക തെളിവായ ഫോൺ വളപട്ടണം പുഴയുടെ അഴീക്കൽ ഭാഗത്ത് ഉപേക്ഷിച്ചെന്നാണ് അര്‍ജുന്‍റെ മൊഴി. എന്നാല്‍ പുഴയിൽ ആഴമില്ലാത്ത സ്ഥലത്ത് ഫോൺ കളഞ്ഞെന്ന മൊഴി കസ്റ്റംസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.