കണ്ണൂർ: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച കാർ പരിയാരം പൊലീസ് സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് കസ്റ്റംസ്. കണ്ണൂർ കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റാണ് പരിയാരത്തെത്തി കാർ കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന്, കാർ കണ്ണൂരിലെത്തിച്ച് വിശദമായ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിയാരം ആയുർവേദ കോളജ് സ്റ്റോപ്പിന് എതിർ വശത്ത് കുന്നിൻ മുകളിൽ കുളപ്പുറത്ത് നിന്നാണ് ജൂൺ 27ന് ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയത്. തുടർന്ന്, പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. അർജുൻ ആയങ്കി ഉപയോഗിച്ചെന്നു കരുതുന്ന സ്വിഫ്റ്റ് കാറായിരുന്നു കണ്ടെത്തിയത്.
Also Read: അർജുൻ ആയങ്കി വളര്‍ന്നു വരുന്ന ക്രിമിനല്‍; ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ്
അർജുൻ ഉപയോഗിച്ചിരുന്ന കാറിന്‍റെ ഉടമ കണ്ണൂർ ചെമ്പിലോട് സ്വദേശി സജേഷാണ്. സംഭവത്തിന് ശേഷം കണ്ണൂർ അഴീക്കലിൽ വെച്ച് ഈ കാർ കണ്ടെത്തിയിരുന്നെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിന് മുമ്പ് കാർ അവിടെ നിന്നും കാണാതായി. തുടർന്ന് അന്വേഷണം ഊർജിതമാക്കിയിരുന്നു.
നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയ നിലയിലാണ് പരിയാരത്ത് നിന്നും കാർ കണ്ടെത്തിയത്. പരിയാരം സിഐ കെ.വി. ബാബുവിന് കാർ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നൽകിയിരുന്നു. തുടർന്നാണ് വിശദമായ പരിശോധനയ്ക്ക് വേണ്ടി കണ്ണൂരിലെ കസ്റ്റംസ് പ്രിവന്‍റീവ് സംഘം പൊലീസ് സ്റ്റേഷനിലെത്തി കാർ കണ്ണൂരിലേക്ക് കൊണ്ട് പോയത്.