കണ്ണൂർ: കണ്ണൂരില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തിയ സംഭവത്തില്‍ ഇടപെടാനൊരുങ്ങി സിപിഎം. കേസില്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കാൻ ബ്രാഞ്ച് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സിപിഎം കെസികെ നഗർ ബ്രാഞ്ച് കമ്മിറ്റി അംഗം മീത്തലെ ചമ്പാട്ടെ കണിയാൻ കണ്ടി ഹൗസിൽ രാഗേഷിനെയാണ് കാപ്പ ചുമത്തി നാടു കടത്തിയത്.
സ്ഫോടക വസ്‌തു കൈകാര്യം ചെയ്യൽ, ദ്രേഹോപദ്രവം, വീടാക്രമിക്കൽ, അന്യായമായി തടഞ്ഞു വയ്ക്കൽ, ലഹള നടത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് പൊലീസ് കാപ്പ ചുമത്തിയത്. കാപ്പ ചുമത്തപ്പെട്ടതോടെ നിലവിൽ പുതുച്ചേരി സംസ്ഥാനത്തെ പള്ളൂരിൽ കഴിയുകയാണ് രാഗേഷ്. പാർട്ടി പിന്തുണയുള്ള സാഹചര്യത്തില്‍ കാപ്പ ബോർഡിനു മുൻപാകെ അപ്പീൽ നൽകാനൊരുങ്ങി രാഗേഷ്. കീഴ് കോടതി പരിഗണിക്കാതെ വന്നാൽ ഹൈക്കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.
വിഭാഗീയതയും കാരണമായി: അണികളുടെ വൻ പിന്തുണയുള്ള രാഗേഷിനെതിരെ പൊലീസ് നടപടി വന്നതോടെ പ്രവർത്തകർ പരസ്യമായി തെരുവിലിറങ്ങിയിരുന്നു. ഇതോടെ ജില്ല നേതൃത്വവും വിഷയം ഗൗരവമായി എടുത്തു. പാർട്ടിയുടെ അനുമതിയില്ലാതെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ യുവാക്കൾ നിരത്തിലിറങ്ങിയതോടെ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ പാർട്ടി നേതൃത്വം തന്നെ രംഗത്ത് വരികയായിരുന്നു. 70 പേരെ പങ്കെടുപ്പിച്ചാണ് പാർട്ടി അനുഭാവികൾ കഴിഞ്ഞ ദിവസം പൊലീസിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്.
പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിന്‍റെ പേരിലാണ് കേസുണ്ടായതെന്നും രാഗേഷനെതിരെ നടപടി അംഗീകരിക്കാൻ ആകില്ലെന്നും ചൂണ്ടിക്കാണിച്ച് നവമാധ്യമങ്ങളിലൂടെ അണികളും അനുഭാവികളും പ്രചരണം നടത്തിയിരുന്നു. ചമ്പാട് സിപിഎമ്മിൽ രൂപപ്പെട്ട പ്രാദേശിക വിഭാഗീയതയാണ് കാപ്പ അറസ്‌റ്റിനും പ്രതിഷേധത്തിനും കാരണമായതെന്ന സൂചനയും ഉണ്ട്.
ഒരു വർഷം മുമ്പ് വിഷുദിനത്തിൽ പടക്കം പൊട്ടിക്കലിൽ തുടങ്ങിയ പ്രശ്‌നത്തെ തുടർന്ന് ചമ്പാട് സിപിഎം പ്രവർത്തകർ രണ്ടു ചേരികളിലായി മാറിയിരുന്നു. കഴിഞ്ഞ വിഷു ദിനത്തിലും പടക്കം പൊട്ടിക്കുന്നതും ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കർശന നടപടിയെടുത്തതിനാലാണ് സംഘർഷം ഒഴിവായത്. പക്ഷെ ഇരുവിഭാഗങ്ങളിലായി തിരിഞ്ഞവർക്കിടയിൽ അകൽച്ച വർധിച്ചു. പൊലീസിന് വിവരങ്ങൾ നൽകിയെന്ന ആരോപണത്തിൽ ഒരു പാർട്ടി പ്രവർത്തകന്‍റെ വീടിനു നേരെ ആക്രമണം നടത്തുകയും ചെയ്‌തു. മുറ്റത്തെ ചെടിച്ചട്ടികളും മറ്റും തകർത്തിരുന്നു. ഇതിന്‍റെ തുടർച്ചയായി പ്രദേശത്തു സ്ഫോടനവും ഉണ്ടായി. രണ്ട് സംഭവങ്ങളിലും പാനൂർ പൊലീസ് കേസെടുത്തിരുന്നു.
പാർട്ടി നേതൃത്വം ഇടപെട്ട് പ്രശ്‌നം തീർക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സംഭവത്തിലാണ് രാഗേഷിനെതിരെ ഒന്നിലേറെ കേസ് എടുത്തത്തും കാപ്പ ചുമത്തിയതും. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേജ് ഡിഐജിയുടെ ഉത്തരവുപ്രകാരമാണ് നാടുകടത്തിയത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് ആറ് മാസത്തേക്ക് തടഞ്ഞു കൊണ്ടായിരുന്നു ഉത്തരവ്.
MORE READ:kaapa | മുൻ ബ്രാഞ്ച് സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തി, കണ്ണൂരില്‍ അണികളും പൊലീസും നേർക്കുനേർ