കണ്ണൂർ: കണ്ണൂർ സർവകലാശാലയില്‍ പ്രിയ വര്‍ഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണറുടെ നടപടിക്കെതിരെ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രൻ. ചട്ടം 1996 ലെ സെക്ഷൻ 7 (3) പ്രകാരം കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. എന്നാൽ, നോട്ടീസ് നൽകിയത് ചട്ടങ്ങൾ പാലിക്കാതെയെന്നും വി.സി വിഷയത്തില്‍ മറുപടി നല്‍കി.
നടപടി സ്വീകരിക്കാൻ ഗവർണർക്ക് അധികാരമില്ല. നിയമ വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നും നാളെ (ഓഗസ്റ്റ് 18) അവധി കഴിഞ്ഞ് കോടതിയെ സമീപിക്കുമെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.
പ്രിയക്കെതിരായ നടപടി നിയമം 7(3) പ്രകാരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള എല്ലാ നടപടിക്രമങ്ങളും ഗവര്‍ണര്‍ ബുധനാഴ്‌ച വൈകിട്ടാണ് (ഓഗസ്റ്റ് 17) മരവിപ്പിച്ചത്. ഇക്കാര്യം വിശദീകരിച്ച് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കി. ചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.
READ MORE| പ്രിയ വര്‍ഗീസിന്‍റെ നിയമനം മരവിപ്പിച്ച് ഗവർണറുടെ കടുംവെട്ട്, സർക്കാരും സിപിഎമ്മും പ്രതിരോധത്തില്‍
ഉടന്‍ പ്രാബല്യത്തിലെടുത്ത തീരുമാനത്തിന് ഇനിയൊരുത്തരവുണ്ടാകും വരെ പ്രാബല്യമുണ്ടാകും. 1996ലെ കണ്ണൂര്‍ സര്‍വകലാശാല നിയമം 7(3) പ്രകാരമാണ് നടപടി. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പേര്‍ക്കും നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചതായി ഗവവര്‍ണര്‍ വ്യക്തമാക്കി.
പ്രിയ വര്‍ഗീസിന്‍റെ നിയമന കാര്യത്തില്‍ അരമണിക്കൂറിനകം തീരുമാനം അറിയിക്കുമെന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രിയ വര്‍ഗീസിന്‍റെ നിയമനം മരവിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയതെന്നത് ശ്രദ്ധേയമാണ്.