കണ്ണൂർ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീവച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാള്‍ സ്വദേശി പുഷൻജിത് സിദ്ഗറിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പുഷൻജിത് സിദ്ഗറിനെ പൊലീസ് ഇന്നലെ ഉച്ചയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. ശാസ്‌ത്രീയമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം.
ട്രയിനിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പ് ട്രാക്കിന് പരിസരത്ത് ഇയാൾ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിബിസിഎൽ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. കൂടാതെ പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച വിരലടയാളങ്ങളിൽ നാലെണ്ണം ഇയാളുടേതാണ് എന്നും ശാസ്‌ത്രീയ പരിശോധനയിൽ തെളിഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മുൻപ് തീ ഇട്ട ആളാണ് പുഷൻജിത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാൾ പലതവണ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന സാഹചര്യങ്ങളിൽ ചോദ്യം ചെയ്‌ത് വിട്ടയക്കാറാണ് പതിവ്. നിലവിൽ കേരള പൊലീസിന്‍റെ കസ്റ്റഡിയിൽ ഉള്ള ഇയാളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തേടിയ ശേഷം റെയിൽവേ പൊലീസിന് കൈമാറും.
ജൂണ്‍ ഒന്നിന് പുലര്‍ച്ചെ 1.30ഓടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌പ്രസിന് തീപിടിച്ചത്. ഏപ്രില്‍ രണ്ടിന് കോഴിക്കോട് എലത്തൂരില്‍ ഷാരൂഖ് സെയ്‌ഫി തീവച്ച അതേ ട്രെയിനിലാണ് വീണ്ടും തീപിടിത്തം. പിന്നില്‍ നിന്ന് മൂന്നാമത്തെ ബോഗിയ്‌ക്കാണ് തീപിടിച്ചത്. ബോഗി പൂര്‍ണമായും കത്തി നശിച്ചു.
സമീപത്തെ ബിപിസിഎൽ പെട്രോൾ സംഭരണശാലയിൽ നിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഒരാൾ കാനുമായി നടന്നു പോകുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഒരാളുടെ ബാഹ്യ ഇടപെടലില്ലാതെ ഇത്ര പെട്ടെന്ന് തീ പടരാൻ സാധ്യതയില്ലെന്ന ആദ്യഘട്ട വിലയിരുത്തലിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
എലത്തൂരില്‍ ട്രെയിനില്‍ തീവയ്‌പ്പ് നടന്ന് രണ്ട് മാസത്തിനുള്ളിലാണ് കണ്ണൂരിലെ ഈ സമാന സംഭവം. ഇരു സംഭവങ്ങളും തമ്മില്‍ സാമ്യം ഉണ്ടോ എന്നതടക്കം ആരംഭത്തില്‍ തന്നെ പൊലീസ് പരിശോധിച്ച് വരികയാണ്. എലത്തൂരില്‍ തീവയ്‌പ്പ് നടന്ന സ്ഥലത്തിന് സമീപവും ബിപിസിഎല്ലിന്‍റെ പെട്രോള്‍ സംഭരണശാല പ്രവര്‍ത്തിച്ചിരുന്നു. ഇതേസാമ്യം കണ്ണൂരിലും ഉള്ളത് സംഭവത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
ഫോറന്‍സിക് സംഘവും ഡോഗ് സ്വാഡും അടക്കം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയരുന്നു. കേരള പൊലീസും റെയില്‍വേ പൊലീസും വിവരങ്ങള്‍ ശേഖരിച്ചു. എന്‍ഐഎയും സംഭവത്തില്‍ വിവരശേഖരണം നടത്തി. അതേസമയം ബിപിസിഎല്ലിന്‍റെ ഇന്ധന സംഭരണി തീപിടിച്ച ട്രെയിനിന്‍റെ 100 മീറ്റർ മാത്രം അകലെയാണെന്നത് അട്ടിമറി സംശയത്തിലേക്ക് നയച്ചിട്ടുണ്ട്. വലിയ അപകടമാണ് ഒഴിവായത് എന്നാണ് അധികൃതർ പറയുന്നത്.
കേരളത്തില്‍ തുടർച്ചയായുണ്ടാകുന്ന ട്രെയിൻ തീപിടിത്ത സംഭവങ്ങളില്‍ റെയില്‍വേയുടെ ഭാഗത്തുള്ള വീഴ്‌ചയില്‍ ഇതിനകം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ വർധിപ്പിക്കുമെന്ന് റെയില്‍വേ പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.