കണ്ണൂര്‍: ഉത്തര മലബാറിൽ കളിയാട്ടക്കാലം അരികിലെത്തിയതോടെ തെയ്യത്തിന്‍റെ ആടയാഭരണങ്ങൾ മിനുക്കിയെടുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരൻമാർ. ഇടവപ്പാതിയോടെ സത്യപ്രമാണങ്ങൾ ചൊല്ലി അരങ്ങൊഴിഞ്ഞ തെയ്യങ്ങൾ വീണ്ടും ചിലമ്പണിയുന്നത് തുലാമാസ ആരംഭത്തിലാണ്. തുലാം ഒന്നിന് കാവുകൾ തെയ്യത്തെ വരവേല്‍ക്കാൻ ഒരുങ്ങും. തുലാം പത്തോടെ തെയ്യക്കാലം ആരംഭിക്കും.
മനുഷ്യന്‍റെ സങ്കടങ്ങൾക്ക് തീർപ്പ് കല്‍പിക്കാൻ ദൈവവിളിയുമായി വരുന്ന ഓരോ തെയ്യക്കോലങ്ങൾക്കും വേണ്ടി അണിയലങ്ങൾ ഒരുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരന്മാർ. ദേവതകളുടെ പുരാസങ്കല്‍പം അനുസരിച്ച് അതിസൂക്ഷമതയോടെയാണ് ഇവ ഒരുക്കിയെടുക്കുന്നത്. ഓരോ തെയ്യത്തിനും ചമയങ്ങൾ ഏറെ പ്രധാനമാണ്.
ആചാര നിഷ്‌ഠയോടും വൃതശുദ്ധിയോടെയുമാണ് തെയ്യം കലാകാരൻമാർ ചമയങ്ങൾ ഒരുക്കുന്നത്. വലിയ മുടി, വട്ട മുടി, പീലിമുടി, തിരുമുടി, തൊപ്പിച്ചമയം, പൂക്കട്ടിമുടി തുടങ്ങിയവ മുരിക്ക്, കൂവൽ തുടങ്ങിയ ഭാരംകുറഞ്ഞ മരങ്ങൾ കൊണ്ടാണ് നിര്‍മിക്കുന്നത്. കവുങ്ങിന്‍റെ അലക്, ഓടമുള, വെള്ളി, ഓട് ഇവകൊണ്ട് നിർമിച്ച ചെറുമിന്നികൾ ചന്ദ്രക്കലകൾ, മയിൽപ്പീലി, വ്യത്യസ്‌ത പൂക്കൾ, കുരുത്തോല എന്നിവയും മുടിനിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്.
തെയ്യത്തിന്‍റെ ഓലച്ചമയങ്ങൾ കളിയാട്ടസ്ഥലങ്ങളിൽ ഓരോ തെയ്യം അനുസരിച്ചാണ് നിർമിക്കുന്നത്. തെയ്യം കലാകാരൻമാർ കൈവള, കാക്കരു തലച്ചമയങ്ങൾ എന്നിവയും ഒരുക്കുന്നു. തെയ്യങ്ങൾ ഭംഗിയുള്ള അണിയലങ്ങൾ അണിയണമെന്നത് കളിയാട്ട നടത്തിപ്പുകാരുടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ആവശ്യമായ അണിയലങ്ങൾ കന്നി മാസത്തിൽ തന്നെ ഒരുക്കിയെടുക്കും.
തെയ്യങ്ങളുടെ അര ചമയങ്ങളും അലങ്കാരങ്ങളും വ്യത്യസ്‌തമായിരിക്കും. പൂക്കട്ടിമുടിയുള്ള തെയ്യങ്ങൾക്ക് ചിറകുടുപ്പ്, രക്തചാമുണ്ഡി, പുതിയഭഗവതി തുടങ്ങിയ തെയ്യങ്ങൾക്ക് വെളുമ്പന്‍, നാഗകന്യക, ക്ഷേത്രപാലകൻ, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങൾക്ക് വിതാനത്തറ തുടങ്ങി വ്യത്യസ്‌ത ഉടുപ്പുകളാണ് നെയ്തെടുക്കുന്നത്. വൈദഗ്ധ്യം നേടിയ കലാകാരൻമാരുടെ നേതൃത്വത്തിൽ ഏതെങ്കിലും വീട് കേന്ദ്രീകരിച്ച് ഒത്തുചേർന്നിരുന്നാണ് അണിയലങ്ങൾ ഒരുക്കുന്നത്.
ഉത്തര മലബാറിൽ പത്താമുദയത്തോടെയാണ് തെയ്യക്കാലം ആരംഭിക്കുന്നതെങ്കിലും പയ്യന്നൂർ തെക്കെ മമ്പലത്തെ തെക്കടവൻ തറവാട്ടിൽ തുലാം ഒന്നിന് പുത്തരി കളിയാട്ടത്തിന്‍റെ ഭാഗമായി കുണ്ടോറ ചാമുണ്ഡി അരങ്ങിലെത്തും.