കണ്ണൂർ: തലശ്ശേരിയിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. ഇന്ന് വൈകിട്ടോടെയാണ് കടൽക്ഷോഭം രൂക്ഷമായത്. തലശ്ശേരി കടൽപ്പാലം, ഗോപാൽ, പേട്ട ഭാഗങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായത്. ശകതമായ കടൽക്ഷോഭം മൂലം ഇവിടങ്ങളിലെ തീരപ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
ഇതിനിടെ ശക്തമായ കാറ്റിൽ കടല്‍പ്പാലത്ത് വെച്ച് സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി. പിണറായി സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കടല്‍പ്പാലത്തിൽ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ശക്തമായി കാറ്റില്‍ കടലിലേക്ക് വീഴാന്‍ പോവുകയായിരുന്നു. ഉടന്‍ തന്നെ ഇവർ തൂണില്‍ പിടിച്ചു തൂങ്ങി. ഇത് കണ്ട് വന്ന മത്സ്യതൊഴിലാളികള്‍ വിദ്യാര്‍ഥികളെ പിടിച്ച് കരയ്ക്കു കയറ്റി. ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കടൽപ്പാലത്തിലേക്കുള്ള പ്രവേശനം വിലക്കിയിട്ടും ആളുകൾ എത്തുന്നതായി മത്സ്യതൊഴിലാളികൾ പറഞ്ഞു.