കണ്ണൂർ: ചക്കരക്കല്ലില്‍ ഏഴ് വയസുകാരൻ കഴുത്തില്‍ സാരി കുരുങ്ങി മരിച്ച സംഭവത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സംഭവം തൂങ്ങി മരണമാണെന്നും അസ്വാഭാവികതയില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷം റിജ്വലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി കഴുത്തിൽ കുരുക്ക് ഇടുകയായിരുന്നു. ഇതിനിടെ ഉറങ്ങിപ്പോയ റിജ്വൽ കുരുക്ക് മുറുകി മരിച്ചു.
ബന്ധു വീട്ടിലാണ് കുട്ടി മരിച്ചത്. ഇവിടെ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്‍റെ കുടുംബം. ഈ വീട്ടിലെ കുട്ടികളുമായി റിജ്വൽ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ വഴക്കു പറയുകയും തല്ലുകയും ചെയ്തു. സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് റിജ്വലിനെ കണ്ടെത്തിയത്. നേരത്തെയും കുട്ടി ഇതു പോലുള്ള വികൃതികൾ കാണിച്ചതായി പൊലീസ് വ്യക്തമാക്കി.