കണ്ണൂർ: കണ്ണൂര്‍ സിറ്റിയിലെ കട്ട റൗഫ് വധക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. എസ്‌ഡിപിഐ പ്രവർത്തകൻ തയ്യിൽ സ്വദേശി ഹസ്റത്ത് നിസാമുദ്ദീനാണ് തലശ്ശേരി റെയിൽവെ സ്റ്റേഷന് സമീപത്ത് വച്ച് അറസ്റ്റിലായത്. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. റൗഫിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. കൂട്ടുപ്രതികൾ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. നിസാമുദ്ദീന്‍റെ നേതൃത്വത്തിൽ മുഖംമൂടി ധരിച്ച് ബൈക്കുകളില്‍ എത്തിയ ആറംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ വൈകിട്ട് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വെറ്റിലപ്പള്ളി സ്വദേശിയായ കട്ട റൗഫ് എന്ന റൗഫ് കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി ആദികടലായി ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് വെട്ടേറ്റ് മരിച്ചത്. 2016 ഒക്‌ടോബര്‍ 13ന് എസ്‌ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്‍റും പാചകത്തൊഴിലാളിയുമായ എം ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു റൗഫ്.