കണ്ണൂര്‍: കണ്ണൂർ ചെറുകുന്ന് ചുണ്ട കുളയരങ്ങത്ത് വീട്ടില്‍ രാജിഷ സ്‌കൂളില്‍ പഠിക്കുമ്പോൾ പോലും ചിത്രം വരയ്ക്കാൻ പഠിച്ചിട്ടില്ല. പക്ഷേ കൊവിഡ് കാലത്തെ വർക്ക് ഫ്രം ഹോം രാജിഷയെ ചിത്രകലാകാരിയാക്കി. അതിനുമപ്പുറം ചിത്രം വരച്ച് അതില്‍ വരികളെഴുതി കലണ്ടറാക്കിയതോടെ രാജിഷയുടെ തലവര തന്നെ മാറ്റിയെഴുതുന്നതായി.
തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് കൊവിഡ് മഹാമാരിയായി എത്തിയത്. വർക്ക് ഫ്രം ഹോമിനിടെ രാജിഷ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. അതെല്ലാം ഫേസ്ബുക്കിൽ പങ്കുവച്ചപ്പോള്‍ മികച്ച പിന്തുണ. അങ്ങനെ വരച്ചതെല്ലാം കലണ്ടറുകളായി. ഇഷ്‌ട സംഗീതജ്ഞരുടെ ചിത്രങ്ങളും വരികളും ചേര്‍ത്ത് 2021ൽ പാട്ടുചെമ്പകങ്ങൾ എന്ന പേരിൽ കലണ്ടർ പുറത്തിറക്കിയതോടെ സംഗതി ഹിറ്റ്.
വി.ദക്ഷിണാമൂർത്തി, പി.ഭാസ്കരൻ, വയലാർ രാമവർമ്മ, യേശുദാസ് തുടങ്ങിയവരുടെ ചിത്രങ്ങളും പാട്ടുകളും ചേര്‍ത്തുവച്ച് രാജിഷ ഒരുക്കിയ കലണ്ടർ സെലിബ്രിറ്റികൾക്കിടയിലും സമൂഹമാധ്യമങ്ങളിലും ക്ലിക്കായി. 2022 ൽ അക്ഷരനക്ഷത്രങ്ങൾ എന്ന് പേരിട്ട് മലയാളത്തിലെ സമകാലീന എഴുത്തുകാരുടെ ചിത്രങ്ങളും എഴുത്തും വരച്ചുള്ള കലണ്ടറുകളും രാജിഷ പുറത്തിറക്കി. അതും സൂപ്പര്‍ഹിറ്റ്.
ശരിക്കുള്ള മെഗാ ഹിറ്റ് വരാൻ പോരുന്നതേയുള്ളൂ. മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്ര പാടി തുടങ്ങിയത് മുതൽ ഇതുവരെയുള്ള 12 ചിത്രങ്ങളും ചിത്രയുടെ 12 പ്രിയപ്പെട്ട പാട്ടുകളും ചേരുമ്പോൾ 2023ലെ കലണ്ടറായി. ചിത്ര ഗീതങ്ങൾ എന്ന് പേരിട്ട കലണ്ടർ തമിഴ്, തെലുഗു, തമിഴ് എന്നീ ഭാഷകളിലുമുണ്ട്. കെ.എസ് ചിത്ര തന്നെ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ രാജിഷയ്ക്ക് അഭിമാനം. ഇപ്പോൾ എൻജിനീയറിങ് ജോലിയൊക്കെ വിട്ട് ആവശ്യക്കാർക്ക് ചിത്രങ്ങൾ വരച്ചു നല്‍കുകയാണ് രാജിഷ.