കണ്ണൂർ: കണ്ണൂര്‍ പയ്യാമ്പലം പാര്‍ക്ക് നവീകരിക്കുന്നു. ഇതിനായി ഇവിടേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഒരു കോടി രൂപയാണ് നവീകരണ ചിലവ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ ആഴ്ച തുടങ്ങും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ കളിയുപകരണങ്ങള്‍ നശിച്ച രീതിയില്‍ കിടക്കുകയായിരുന്നു. മുൻകൂർ ഫണ്ടിനായുള്ള കാത്തിരിപ്പ് വിഫലമായതോടെ തുക ലഭിക്കുന്നതിന് മുമ്പ് തന്നെ പ്രവർത്തനങ്ങൾ തുടങ്ങാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തീരുമാനിക്കുയായിരുന്നു.
ആദ്യം 70 ലക്ഷത്തിന്‍റെയും പിന്നീട് ഒരു കോടി രൂപയുടെയും പദ്ധതിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തെങ്കിലും ഫണ്ട് ലഭിച്ചിരുന്നില്ല. ഡി.ടി.പി.സി പല തവണ സർക്കാരിനെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ആദ്യഘട്ട നവീകരണം പൂർത്തിയായതിന് ശേഷം ഫണ്ട് അനുവദിച്ചാൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി. ഒടുവിൽ എട്ട് മാസത്തെ കാത്തിരിപ്പിന് ശേഷം നവീകരണം ആരംഭിക്കാൻ ഡി.ടി.പി.സി തീരുമാനിക്കുകയായിരുന്നു. 20 ശതമാനം നിര്‍മാണമാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ആറ് മാസം കൊണ്ട് നവീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അതേ സമയം, ഏറെ വിവാദങ്ങൾക്കൊടുവിലാണ് പാർക്ക് നവീകരിക്കാൻ പോകുന്നത്. ഡി.ടി.പി.സിയും കോർപ്പറേഷനും തമ്മിലുള്ള തർക്കമാണ് പാർക്കിന്റെ തകർച്ചക്ക് കാരണമായത്. തർക്കം രൂക്ഷമായതിന് ശേഷം ഒരു വർഷം മുമ്പാണ് കോർപ്പറേഷൻ നിലപാട് മയപ്പെടുത്തിയത്.