കണ്ണൂർ: മൊബൈൽ ഫോൺ ഉപയോഗിക്കില്ല, ലോഡ്‌ജുകളിൽ താമസിക്കില്ല, ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കില്ല... കണ്ണൂർ ജില്ലയിലെ പരിയാരത്തെ വിറപ്പിച്ച കവർച്ചകളിലെ പ്രതികളെ തേടിയിറങ്ങിയ പൊലീസിന് കിട്ടിയത് കൊള്ളസംഘത്തെ കുറിച്ചുള്ള വിചിത്ര വിവരങ്ങൾ.
സെപ്‌റ്റംബറില്‍ വീട് കുത്തിത്തുറന്ന് കവർച്ച. അത് കഴിഞ്ഞ് ഒക്ടോബർ 20-ന് പുലർച്ചെയായിരുന്നു പരിയാരത്തെ നടുക്കിയ കവർച്ച നടന്നത്. വീട്ടിലുണ്ടായിരുന്ന സ്ത്രീയെ കെട്ടിയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പത്ത് പവനും 8000 രൂപയുമാണ് കവർന്നത്.
മോഷ്ടിച്ച ജാക്കിലിവർ ഉപയോഗിച്ചാണ് വീടിന്റെ ജനൽക്കമ്പി ഇളക്കിമാറ്റിയത്. കവർച്ചയ്ക്കുശേഷം മടിക്കേരി വഴിയാണ് പ്രതി രക്ഷപ്പെട്ടത്. കോയമ്പത്തൂർ കേന്ദ്രീകരിച്ചുളള കൊളളസംഘമാണ് പിന്നിലെന്ന് മനസിലാക്കിയ കേരള പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി. ഒടുവില്‍ നാമക്കലില്‍ നിന്നാണ് പ്രതി സഞ്ജീവ്കുമാറിനെ പിടികൂടിയത്.
സംഘത്തലവൻ സുള്ളൻ സുരേഷ് ആണെന്നാണ് സഞ്ജീവ്കുമാർ പൊലീസിനോട് പറഞ്ഞത്. കവർച്ച സംഘത്തില്‍ നാലുപേരുണ്ട്. ഓരോ കവർച്ചയ്ക്കും ഓരോ സംഘങ്ങളാവും. മറ്റ് പ്രതികൾ ഏതൊക്കെ സംസ്ഥാനങ്ങളിലേക്ക് കടന്നുവെന്ന അന്വേഷണത്തിലാണ് സബ് ഇൻസ്പെക്ടർ പി.സി. സഞ്ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം.