കണ്ണൂർ: വടക്കേ മലബാറിൽ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ആദ്യത്തെ സിന്തറ്റിക്ക് ട്രാക്കിന്‍റെ നിർമ്മാണ പ്രവൃത്തികൾക്കായുള്ള ധാരണാപത്രം ഒപ്പിട്ടു. കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജും നിർമ്മാണ ഏജൻസിയായ സംസ്ഥാന കായിക വകുപ്പും തമ്മിലാണ് ധാരണപത്രം ഒപ്പിട്ടത്. ടി .വി രാജേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എം.ഒ.യു ഒപ്പിട്ടത്.
ഒരു മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ജനുവരി അവസാനത്തോടെ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനം. ട്രാക്കി നോടനുബന്ധിച്ചുള്ള ഫുട്ബോൾ ഫീൽഡ് ന്യാച്വറൽ ഗ്രാസിൽ പണിയുന്നതിനായി തുക എം എൽ എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് ടി.വി.രാജേഷ് യോഗത്തിൽ അറിയിച്ചു. ഐ.എ.എ.എഫ് സ്റ്റാൻഡേർഡിൽ എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്കും ജംബിങ്ങ് പിറ്റും ഡ്രയിനേജോട് കൂടിയ ഫുട്ബോള്‍ ഫീൽഡും ട്രക്കിന്‍റെ സുരക്ഷയ്ക്കായുള്ള ഫെൻസിങ്ങിനുമായി 6 കോടി 17 ലക്ഷവും കാണികൾക്കായുള്ള പവലിയൻ, കായിക താരങ്ങൾക്കായുള്ള ഡ്രസ് ചെയ്ഞ്ചിങ്ങ് റൂം, ബാത്ത്റൂം, ടോയ്‌ലെറ്റ്സ് എന്നിവയ്ക്കായി 83 ലക്ഷം രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത് .
കണ്ണൂർ ജില്ലയിൽ മങ്ങാട്ടുപറമ്പ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കാണു നിലവിലുള്ളത്. പണി പൂർത്തിയായി കൊണ്ടിരിക്കുന്ന ഗവ.ബ്രണ്ണൻ കോളജ് ,തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം എന്നിവയ്ക്ക് പുറമെയാണ് നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് നിലവിൽ വരുന്നത്. ഒരു ജില്ലയിൽ തന്നെ നാല് സിന്തറ്റിക്ക് ട്രാക്കുള്ളത് തിരുവനന്തപുരത്ത് മാത്രമാണ്.
പ്രിൻസിപ്പൽ ഡോ.കെ.എം.കുര്യാക്കോസ്. കായിക യുവജന കാര്യ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ.ബിജു. ഡപ്യൂട്ടി എഞ്ചിനീയർ സി. ആനന്ദ കൃഷ്ണ ,മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. സുധീപ് , ലേ - സിക്രട്ടറി എം.വൈ.സുനിൽ ,അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഞ്ചിനീയർ കെ.വിനോദ് ,കായിക വിഭാഗം മേധാവി ഡോ.പി.പി ബിനീഷ് എന്നിവർ പങ്കെടുത്തു.