കണ്ണൂർ: പ്രസിദ്ധമായ കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് കൊടിയേറി. പി.എം.മുകുന്ദൻ മടയൻ്റെ സാന്നിധ്യത്തിൽ മാടമനയില്ലത്ത് നാരായണൻ നമ്പൂതിരിയാണ് കൊടിയേറ്റം നിർവ്വഹിച്ചത്. തുടർന്ന് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യങ്ങൾ ശ്രീകോവിലിൽ സമർപ്പിച്ചു. വൈകീട്ട് മൂന്നിന് മലയിറക്കവും തുടർന്ന് ആചാരപ്രകാരം തയ്യിൽ തറവാട്ടുകാർ ആയോധനകലാ അഭ്യാസത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്തു. കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ കാഴ്ചവരവും സന്ധ്യക്ക് മുത്തപ്പൻ്റെ വെള്ളാട്ടവും നടത്തും. അന്തിവേലക്ക് ശേഷം കുന്നുമ്മൽ തറവാട്ടിൽനിന്ന് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും പഞ്ചവാദ്യസഹിതം കലശം എഴുന്നള്ളിച്ച് മടപ്പുരയിൽ പ്രവേശിക്കും.
നാളെ പുലർച്ചെ 5.30-നാണ് തിരുവപ്പന. തുടർന്ന് രാവിലെ 10-ന് വിവിധ ദേശവാസികളായ കാഴ്‌ചവരവുകാരെ മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയാക്കും. നാലാം തിയ്യതി രാത്രി ഏഴ് മുതൽ കലാപരിപാടികളും അഞ്ചാം തിയ്യതി രാത്രി ഒൻപതിന് കഥകളിയും നടക്കും. ആറിന് കലശാട്ടത്തോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങുക. ആറിനും ഏഴിനും രാത്രി 10 മണിക്ക് കഥകളിയും ഏഴിന് വൈകുന്നേരം ആറിന് ഗുരുപൂജ അവാർഡ് ജേതാവും കഥകളി കലാകാരനുമായ വെള്ളോറ സുകുമാരനെ ആദരിക്കുന്ന ചടങ്ങും നടക്കും.