കണ്ണൂർ: പിണറായി പടന്നക്കരയിൽ വീട്ടമ്മക്ക് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ബിജെപി. മുഖ്യമന്ത്രിയുടെ നാട്ടിൽ നടക്കുന്നത് സ്‌ത്രീകൾക്കെതിരായ അതിക്രൂരമായ അക്രമമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ് പറഞ്ഞു. റോഡ് നിർമാണം തടഞ്ഞതിനെ തുടർന്ന് മർദനമേറ്റ പടന്നക്കരയിലെ ലളിതയെ പാർട്ടി ഓഫീസിൽ എത്തിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.
വലിയ പുനത്തിൽ രാജന്‍റെ ഭാര്യ ലളിതയെയും പെൺമക്കളെയുമാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാർട്ടി പ്രവർത്തകർ മർദിച്ചതെന്നാണ് ആരോപണം. നടപ്പാത വികസനത്തിന്‍റെ പേരിലുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പാത വികസനത്തിനായി 1.80 മീറ്റർ വീതിയിൽ 20 മീറ്റർ നീളത്തിൽ പരാതിക്കാരി സ്ഥലം വിട്ടുനൽകിയിരുന്നു. അതേ സമയം നടപ്പാതയ്ക്ക് എതിർവശത്തുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥലം വിട്ടു നൽകിയിരുന്നില്ല. പ്രവർത്തകർ തുടർന്നും സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും നൽകില്ലെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു ലളിത.
മധ്യസ്ഥതയിൽ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ജെസിബി ഉപയോഗിച്ച് ലളിതയുടെ വിടിന്‍റെ മതിൽ തകർക്കുകയും ഒരു മീറ്ററോളം സ്ഥലം കൈയേറുകയും ചെയ്തു. ഇതു തടയാൻ ശ്രമിച്ച ലളിതയെയും മകളെയും മകന്‍റെ ഭാര്യയെയും ജെസിബി ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നും വിവസ്ത്രരാക്കി അപമാനിക്കാൻ ശ്രമിച്ചെന്നും എൻ ഹരിദാസ് പറഞ്ഞു. അക്രമികൾക്കെതിരെ ദൃശ്യ തെളിവുകൾ ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ വീടിന്‍റെ മുന്നൂറ് മീറ്റർ അകലെയാണ് ഈ അതിക്രമം നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയൻ മത്സരിച്ചപ്പോൾ പ്രവർത്തനം നടത്തിയ പാർട്ടി കുടുംബമാണ് ഇവരുടേത്.
സ്‌ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിലെത്തിയ മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഇത്തരത്തിലൊരു അക്രമം നടക്കുന്നതെന്ന് ഹരിദാസ് ആരോപിച്ചു. സ്‌ത്രീകൾക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി ദേശീയ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസ് നൽകുമെന്ന് എൻ.ഹരിദാസ് പറഞ്ഞു. നാട്ടുകാരുടെ പരിഹാസവും പല തരത്തിലുള്ള ഉപദ്രവങ്ങളും കുടുംബത്തിന് നേരെ തുടരുകയാണെന്നും അവർ പറഞ്ഞു.