കണ്ണൂര്‍: നിര്‍ധന കുടുംബങ്ങള്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം കൈമാറി. ആധുനിക സൗകര്യങ്ങളുള്ള ഫ്ലാറ്റുകള്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആന്തൂര്‍ നഗരസഭയാണ് നിര്‍മിച്ചത്. മോറാഴ മുതുവാനിയില്‍ നിര്‍മിച്ച ഫ്ലാറ്റുകള്‍ മന്ത്രി എ.കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കുടുംബങ്ങള്‍ക്ക് കൈമാറി.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ നിര്‍ധന കുടുംബങ്ങള്‍ക്കാണ് ഫ്ലാറ്റ് നല്‍കുക. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച രണ്ട് ഫ്ലാറ്റുകളിലായി എട്ട് കുടുംബങ്ങള്‍ക്ക് താമസിക്കാനാകും. രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, ശുചിമുറി, സ്റ്റോര്‍ റൂം എന്നീ സൗകര്യങ്ങള്‍ ഓരോ കുടുംബത്തിനും ലഭ്യമാണ്. മുതുവാനിയില്‍ ആന്തൂര്‍ നഗരസഭയുടെ കീഴിലുള്ള ഒരേക്കര്‍ സ്ഥലത്താണ് ഫ്ലാറ്റുകള്‍ നിര്‍മിച്ചത്. വിവിധ പദ്ധതികളിലൂടെ പട്ടികജാതി മേഖലയില്‍ നിരവധി പേര്‍ക്ക് വീട് നല്‍കിയിരുന്നു. എന്നാല്‍ ഭൂരഹിതരായ നിരവധി പേര്‍ നഗരസഭയിലുണ്ട്. ഇവര്‍ക്കായാണ് ഫ്ലാറ്റ് നിര്‍മിച്ചത്. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്കായി 13 ഭവനങ്ങള്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. മുതുവാനിയിലെ ഫ്ലാറ്റിന് അര്‍ഹരായ എട്ട് കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റ് സമര്‍പ്പണ ചടങ്ങില്‍ ജയിംസ് മാത്യു എംഎൽഎ അധ്യക്ഷത വഹിച്ചു. പി.കെ ശ്യാമള, കെ. ഷാജു, എം. സുരേശൻ, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.