കണ്ണൂർ : ഇക്കാണുന്നവയെല്ലാം ഒരു മ്യൂസിയത്തിലാണെന്ന് കരുതിയെങ്കിൽ തെറ്റി. ഈ ശേഖരമുള്ളത് കണ്ണൂർ അഴീക്കോടുകാരനായ മഹേഷിന്‍റെ വീട്ടിലാണ്. ലോകത്തെ ഏറ്റവും ചെറിയ ടിവി മുതൽ 25 സിഡികൾ ഒരുമിച്ചുപ്രവർത്തിച്ച് സംഗീതം ആസ്വദിക്കാൻ കഴിയുന്ന സിഡി പ്ലെയർ വരെ മഹേഷിന്‍റെ വീട്ടിലെ കൗതുകങ്ങളാണ്.
സംഗീത ഉപകരണങ്ങളുടെ അതിശയക്കാഴ്‌ചയുമുണ്ട്. പുല്ലാംകുഴൽ, ഷഹനായ്, ഹാർമോണിയം, ഗിറ്റാര്‍ തുടങ്ങിയവയെല്ലാം ഈ ശേഖരത്തിലുണ്ട്. ഇവയെല്ലാം മഹേഷ് ചിരട്ടയില്‍ കൊത്തിയതാണ്. വിസ്മയിപ്പിക്കുന്ന കരവിരുതാണ് ഓരോ സൃഷ്ടിയിലും കാണാനാവുക. മഹേഷ് സംഗീതം പഠിച്ചിട്ടില്ലെങ്കിലും നിര്‍മിച്ച ഉപകരണങ്ങൾക്ക് ശ്രുതി തെറ്റാറില്ല.
ഓടക്കുഴൽ, തബല, വയലിൻ, മൃദംഗം തുടങ്ങിയവയും മഹേഷിന്‍റെ പക്കലുണ്ട്. ഇതുകൂടാതെ വിമാനം, ഗ്രാമഫോൺ, പാർലമെന്‍റ് മന്ദിരം അടക്കം അത്ഭുത ലോകമാണ് ഈ ഇരുനില വീട് സമ്മാനിക്കുന്നത്. കുട്ടിക്കാലം മുതൽ തുടങ്ങിയ പാഴ് വസ്തു ശേഖരണത്തിൽ നിന്ന് പിന്നീട് ചിരട്ടയിലെ രൂപകല്‍പ്പനകളിലേക്ക് തിരിയുകയായിരുന്നു മഹേഷ്.
ഏറെ ശ്രദ്ധയോടെയാണ് ഓരോ കലാസൃഷ്ടിയും ഒരുക്കുന്നത്. മഹേഷിന്‍റെ കുടുംബത്തില്‍ ആരും സംഗീതം പഠിച്ചിട്ടില്ല. എങ്കിലും ഭാര്യയും രണ്ടുമക്കളും ഒരുമിച്ചിരുന്നാൽ അവിടെ സംഗീതമയമാകും. പൂർണ പിന്തുണ നൽകി മഹേഷിന്‍റെ ഭാര്യയും മക്കളും കൂടെത്തന്നെയുണ്ട്.
ചിരട്ടകൊണ്ട് വിമാന മാതൃക നിർമിച്ച് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ക്കും നൽകണമെന്നാണ് മഹേഷിന്‍റെ ആഗ്രഹം. ഇതിനായി സർക്കാരിന്‍റെ പിന്തുണ വേണം. കൂടാതെ കൂടുതല്‍ സംഗീതോപകരണങ്ങൾ നിര്‍മിക്കുകയും ആ ലോകത്തെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയും ലക്ഷ്യമാണെന്ന് മഹേഷ് പറയുന്നു.