കണ്ണൂർ: ദേശീയപാത വികസനം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തളിപ്പറമ്പ് മുതൽ മുഴുപ്പിലങ്ങാട് വരെ 30 കിലോമീറ്റർ വിശ്വസ മുദ്ര എഞ്ചിനീയറിങ് വർക്ക്‌സിന്‍റെ നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിൽ പ്രവൃത്തി പുരോഗമിക്കുന്നത്. പാലം, അടിപ്പാത, മേൽപ്പാലം നിർമാണം എന്നിവയാണ് പ്രധാനമായും നടക്കുന്നത്.
തൊഴിലാളികളും എഞ്ചിനീയർമാരുമായി 1,200 ഓളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ ഹോട്ടലുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കേണ്ടി വന്നതോടെ ഇത്രയും പേർക്ക് ഭക്ഷണം നല്‍കുന്നത് എങ്ങനെയെന്ന ചോദ്യമുണ്ടായി. അങ്ങനെയാണ് ആന്ധ്രയില്‍ നിന്നുള്ള കാറ്ററിങ് യൂണിറ്റിനെ രംഗത്തിറക്കിയത്.
താവക്കരയിലും പുല്ലൂപ്പയിലും ഇവർക്ക് അടുക്കളയുണ്ട്. ഉത്തരേന്ത്യൻ വിഭവങ്ങൾക്കൊപ്പം ഇഡലി, ചട്‌നി, ഊത്തപ്പം, വെജിറ്റബിൾ കറി, ബിരിയാണി, ചപ്പാത്തി, ദാൽ, ബട്ടർ മിൽക്ക്, ഊണ് എന്നിവ ഇവിടെ തയ്യാറാണ്. വാഹനത്തിലാണ് ഭക്ഷണം സൈറ്റുകളിൽ എത്തിക്കുന്നത്. 2024ല്‍ ദേശീയപാത വികസനം പൂർത്തിയാകുന്നത് വരെ ഇത് തുടരും.