കണ്ണൂർ: സ്വകാര്യ മേഖലയിലെ സമ്പൂർണ്ണ കൊവിഡ് 19 ആശുപത്രിയായി കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് പ്രവർത്തനമാരംഭിച്ചു. ആയിരം രോഗികള്‍ക്ക് വേണ്ട സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. നിലവിൽ 400 കിടക്കകളും പത്ത് വെന്‍റിലേറ്ററുകളുമാണുള്ളത്. കൊവിഡ് 19 രോഗികള്‍ക്കും രോഗം സംശയിക്കുവര്‍ക്കുമായി പ്രത്യേക സജ്ജീകരണങ്ങളാണ് ആശുപത്രിയിലുള്ളത്. രോഗം സംശയിക്കുവര്‍ക്ക് മാത്രമേ അകത്ത് പ്രവേശിക്കാനാകൂ. രോഗിയായവര്‍ക്കും രോഗം സംശയിക്കുവര്‍ക്കും പ്രത്യേക ലിഫ്റ്റ് സംവിധാനവുമുണ്ട്.
കൊവിഡ് 19 പോസിറ്റീവായി എത്തുന്നവരെ നേരിട്ട് ആറാമത്തെ നിലയിൽ പ്രവേശിപ്പിക്കും. ആറാമത്തെ നിലയില്‍ വെന്‍റിലേറ്റര്‍ സൗകര്യമുള്ള ഐസിയു, ജനറല്‍ വാര്‍ഡ്, റൂമുകള്‍ എന്നിവയും അഞ്ചാമത്തെ നിലയില്‍ ജനറല്‍ വാര്‍ഡ്, റൂമുകള്‍ എന്നിങ്ങനെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗം സംശയിക്കുന്നവരെ ആരോഗ്യനില അനുസരിച്ച് റൂമിലോ വാര്‍ഡിലോ ഐസിയുവിലോ പ്രവേശിപ്പിക്കും. ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യും. ഡിസ്ചാര്‍ജായി പോകുന്നവര്‍ക്കും പ്രത്യേകം ലിഫ്റ്റ് സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്ക് മാത്രമെ കൂട്ടിരിപ്പുകാരെ അനുവദിക്കുകയുള്ളൂ.