കണ്ണൂര്‍: മാഹി ചെറിയത്ത് മണ്ടോള ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കോഴിക്കോട് ചെക്കിലോട് സ്വദേശി അർഷാദിനെയാണ് (38) മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പിടികൂടിയത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്‌ത്, സിസിടിവി ക്യാമറ തകർത്ത് മോണിറ്ററും ഡിവിആറും ഇയാള്‍ മോഷ്‌ടിച്ചിരുന്നു.
മാഹി പൊലീസിന്‍റേതാണ് നടപടി. ഈ മാസം 15-ാം തിയതിയാണ് കേസിനാസ്‌പദമായ സംഭവം. ഇരുമ്പ് കമ്പി ഉപയോഗിച്ച് മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് 600 രൂപ കവർച്ച ചെയ്‌തു. തെളിവ് നശിപ്പിക്കാന്‍ ക്ഷേത്ര പരിസരത്തെ നിരീക്ഷണ ക്യാമറ തകർത്തു. തുടര്‍ന്ന്, ഓഫിസിലുണ്ടായിരുന്ന 8000 രൂപ വിലവരുന്ന നിരീക്ഷണ ക്യാമറയുടെ മോണിറ്ററും ഡിവിആറും മോഷ്‌ടിച്ച് പിന്നീട് സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചിരുന്നു. കണ്ണൂരിൽ നിന്നും പൊലീസ് ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്‌ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. തുടര്‍ന്ന്, സമീപത്തെ സ്ഥാപനങ്ങളിലും, വീടുകളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ നിന്നും ലഭിച്ച സൂചനയാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചത്.
കോഴിക്കോട് പൊലീസ് സ്റ്റേഷനിലും കേസ്: ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ മൊഴി പ്രകാരം ചൂടിക്കോട്ടയിലെ മുൻസിപ്പാലിറ്റി കിണറ്റിൽ ഉപേക്ഷിച്ച മോണിറ്ററും ഡിവിആറും പൊലീസ് കണ്ടെടുത്തു. കോഴിക്കോട് താമസിക്കുന്ന പ്രതി മാഹിയിലെത്തി പഴയ സാധനങ്ങൾ പെറുക്കി വിറ്റ് മദ്യപിച്ചു നടക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ കോഴിക്കോട് പൊലീസ് സ്‌റ്റേഷനിൽ ഭവനഭേദനം, മോഷണക്കേസ് ഉൾപ്പെടെ 10 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് മാഹി പൊലീസ് ഇൻസ്പെക്‌ടര്‍ എ ശേഖർ പറഞ്ഞു.
പുതുച്ചേരി എസ്‌എസ്‌പി ദീപിക ഐപിഎസിന്‍റെ നിർദേശപ്രകാരം മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, സർക്കിൾ ഇൻസ്പെക്‌ടര്‍ എ ശേഖർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നല്‍കി. സബ് ഇൻസ്‌പെക്‌ടര്‍ റീന മേരി ഡേവിഡ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്‌ഐ കിഷോർ കുമാർ, സിവി ശ്രീജേഷ്, പൊലീസ് എഎസ്‌ഐമാരായ പ്രസാദ്, പിവി സരോഷ്, സതീശൻ, കോൺസ്റ്റബിൾമാരായ സുഷ്മേഷ്, വിജയകുമാർ, നിഷിത്ത്, ഹോം ഗാർഡുമാരായ പ്രവീൺ, അഭിലാഷ്, ത്രിവിൻ രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തു.