കണ്ണൂര്‍: ''വെട്ടിമാറ്റാന്‍ എത്തുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ അങ്ങയോട് മാപ്പുചോദിക്കുന്നു, ഏറെ വേദനയോടെ പറയുന്നു യാത്രാമൊഴി''. പൂവിടാന്‍ തയ്യാറെടുക്കുന്ന അറുപത് വയസുള്ള ഒരു മാവ് അധികൃതര്‍ മുറിച്ചുമാറ്റുന്നതിന് മുന്‍പ്, നാട് നല്‍കിയ വിടചൊല്ലലിലെ വാചകം ഇങ്ങനെയായിരുന്നു. കണ്ണൂര്‍ പയ്യന്നൂർ എടാട്ട് ദേശീയപാതയോരത്തെ അവസാനത്തെ കുഞ്ഞിമംഗലം മാവ് ഒക്‌ടോബര്‍ 13നാണ് മുറിച്ചുമാറ്റിയത്.
മരം മുറിക്കുന്നതിനെതിരെ കുഞ്ഞിമംഗലം കൂട്ടായ്‌മ എതിര്‍പ്പുമായി എത്തിയിരുന്നു. എന്നാല്‍, അധികൃതര്‍ ഇത് കണ്ടതായി നടിച്ചില്ല. തുടര്‍ന്ന്, പ്രദേശവാസികള്‍ മരം മുറിക്കുന്നതിന് മുന്‍പായി പ്രതിഷേധ പോസ്‌റ്ററുകള്‍ സ്ഥാപിക്കുകയും പുഷ്‌പങ്ങളർപ്പിക്കുയും ചെയ്‌തു. വികസനം മനുഷ്യന് അനിവാര്യമാണ്. പക്ഷേ, അതുപോലെ അനിവാര്യമാണ് മറ്റെല്ലാ ജീവന്‍റെയും തുടർച്ചയും. അധികൃതര്‍ക്ക് വൃക്ഷം മാറ്റിസ്ഥാപിക്കാമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
ആറുവരിയായി ദേശീയ പാത വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മാവ് മുറിച്ചത്. പുളിയുറുമ്പിൻ കൂട്ടവും പക്ഷികളും മറ്റ് അനേകം ജന്തുജാലങ്ങളും ആശ്രയിച്ച മരമായിരുന്നു ഇത്. കഴിഞ്ഞ മാമ്പഴക്കാലത്തും തേനൂറുന്ന ഫലങ്ങള്‍ തന്ന വൃക്ഷം യന്ത്ര കൈയാല്‍ ഓര്‍മയായതിന്‍റെ ദുഃഖത്തിലാണ് നാട്.