കണ്ണൂർ : പള്ളൂരിലെ ഇലക്‌ട്രോണിക്‌സ് ഷോപ്പുകളിൽ ഷട്ടർ തകർത്ത് കളവുനടത്തിയ മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. ബിഹാർ സ്വദേശിയായ മുഹമ്മദ് ഷെഫീഖിനെയാണ് എസ് ഐ കെസി അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെ സുന്ദർ നഗറിൽ വച്ച് അറസ്റ്റുചെയ്‌തത്. പള്ളൂര്‍ ഇരട്ടപ്പിലാക്കൂലിലെ ഇലക്‌ട്രോണിക്‌സ് കടയായ ഈ പ്ലാനറ്റ് ഷോറൂം, മൊബൈൽ ഹബ് എന്നിവിടങ്ങളില്‍ നിന്ന് മൊബൈൽ ഫോണുകളും സ്‌മാർട്ട് വാച്ചുകളും കവർച്ച നടത്തിയ കേസിലെ പ്രതിയാണ് ഷെഫീഖ്.
വല വിരിച്ച് പൊലീസ് : മറ്റ് പ്രതികളായ അസം സ്വദേശി വാസീർഖാൻ, ബിഹാർ മോത്തിഹാരി സ്വദേശികളായ രാഹുൽ ജൈസ്വാൾ, മുസ്ലിം ആലം തുടങ്ങിയവരെ മുൻപ് ഡൽഹിയിൽ വച്ച് മാഹി എസ് ഐ ഇളങ്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ആ സമയത്ത് മുഖ്യ പ്രതിയായ മുഹമ്മദ് ഷെഫീഖ് നേപ്പാളിലേക്ക് കടന്നുകളയുകയായിരുന്നു. ശേഷം ഷെഫീഖിന്‍റെ മൊബൈൽ ടവർ ലൊക്കേഷനുകളും മറ്റും നിരീക്ഷണ വിധേയമാക്കി മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഡൽഹിയിൽ വച്ച് അതിവിദഗ്‌ധമായി സംഘം ഇയാളെ വലയിലാക്കിയത്.
കൈകോർത്ത് അന്വേഷണ സംഘം : സംഘത്തിൽ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ പിവി പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ സുരേന്ദ്രൻ ചടയൻ, കോൺസ്റ്റബിൾമാരായ ശ്രീജേഷ് സിവി, രോഷിത്ത് പാറമേൽ, തുടങ്ങിയവർ ഉണ്ടായിരുന്നു. അന്വേഷണത്തിന് സൈബർ സെല്‍ അംഗങ്ങളായ എഎസ്‌ഐ രഞ്‌ജിത്ത്, ഹെഡ് കോൺസ്റ്റബിൾ സുജേഷ് പുതിയേടത്ത് തുടങ്ങിയവർ സഹായികളായി. പുതുച്ചേരി എസ്‌എസ്‌പി (ലോ & ഓർഡർ) ദീപികയുടെ പ്രത്യേക നിർദേശപ്രകാരം മാഹി പൊലീസ് സൂപ്രണ്ട് രാജ ശങ്കർ വെള്ളാട്ടിന്‍റെ മേൽനോട്ടത്തിൽ ആയിരുന്നു അന്വേഷണം. മാഹി സർക്കിൾ ഇൻസ്പെക്‌ടർ എ ശേഖർ അന്വേഷണത്തിന് നേതൃത്വം നൽകി.
മോഷണം കൂലിപ്പണിക്കാർ എന്ന വ്യാജേന : ജൂൺ രണ്ടാം തീയതി രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. കടയുടെ ഷട്ടറുകളിൽ വിടവുണ്ടാക്കിയാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണസംഘം കുറ്റ്യാടിയിലെ കൂലിപ്പണിക്കാർ എന്ന വ്യാജേന കുറച്ചുദിവസം അവിടെ താമസിക്കുകയും അവിടെനിന്ന് കവർച്ച പദ്ധതി തയ്യാറാക്കുകയുമായിരുന്നു.
അതിന് ആവശ്യമായ മുഖ്യ ആസൂത്രണം നടത്തിയത് ബിഹാർ സ്വദേശിയായ മുഹമ്മദ് ഷെഫീഖ് ആണ്. മുൻപ് സമാനമായ കേസുകളിൽ പ്രതിയാണ് ഇയാൾ. രാജസ്ഥാൻ, ഡൽഹി, മഹാരാഷ്‌ട്ര സംസ്ഥാന പൊലീസ് സേനകള്‍ക്ക് പിടികിട്ടാപ്പുള്ളിയുമാണ്. പ്രതിയെ മാഹി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് മുൻപാകെ ഹാജരാക്കി ഇവിടുത്തെ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്‌തു.