കണ്ണൂർ : ജില്ലയിലെ ജനങ്ങൾക്ക് ആവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാന്‍ ഹോം ഡെലിവറി സൗകര്യം ഒരുക്കി കണ്ണൂർ ജില്ലാ പഞ്ചായത്തുകൾ. അക്വാ ഗ്രീന്‍ ഷോപ്പുകൾ വഴിയാണ് അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ നിലവിൽ വന്നതോടെ ജനങ്ങൾ വീടുകളിൽ തന്നെ തുടരേണ്ട സ്ഥിതി വിശേഷമാണുള്ളത്. ഹോം ഡെലിവറി സൗകര്യം ഒരുക്കുന്നത് വഴി അവശ്യസാധങ്ങളായ പച്ചക്കറിയും മത്സ്യവുമെല്ലാം കണ്ണൂർ ജില്ലയിൽ താമസിക്കുന്നവർക്ക് വീട്ടുവാതിൽക്കൽ ലഭ്യമാകും. കണ്ണൂർ ജില്ലാ കളക്ടർ ടി.വി സുഭാഷ് ആദ്യ ഹോം ഡെലിവറി വാഹനം ഫ്ലാഗ് ഓഫ് ചെയ്തതോടെ പുതിയ സംവിധാനം കണ്ണൂരിലെ ജനങ്ങൾക്ക് ലഭ്യമായി തുടങ്ങി. സാധനങ്ങൾ ആവശ്യമുള്ളവർക്ക് ഫോണുകൾ വഴി ഓർഡർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അക്വാ ഗ്രീന്‍ ഷോപ്പുകൾ ഈ പ്രദേശങ്ങളിൽ ഏറെ നാളായി പ്രവർത്തിച്ച് വരുന്നുണ്ട്. ജില്ലാ പഞ്ചായത്ത്, ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും കുറുവ സ്‌കൂളിന് സമീപത്തുമായി അക്വാ ഗ്രീന്‍ മാര്‍ട്ട് പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കണ്ണൂരിൽ സ്ഥിതിചെയ്യുന്ന ആശുപത്രി കാന്‍റീനുകള്‍, വൃദ്ധ സദനങ്ങള്‍ തുടങ്ങി ജില്ലയിലെ ആറു ജയിലുകളിൽ വരെ അക്വാ ഗ്രീന്‍ ഭക്ഷ്യവസ്തുക്കൾ നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം കൂടി പരിഗണിച്ചാണ് അക്വാ ഗ്രീന്‍ ഹോം ഡെലിവറി സേവനം ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് 6282777896 , 7356386157 എന്നീ നമ്പരുകളിലേക്ക് വിളിച്ച് സാധനങ്ങൽ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.