കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ജീവനൊടുക്കിയത് മുതൽ ചർച്ചയായ കണ്ണൂരിലെ സിപിഎം വിഭാഗീയത ഒടുവിൽ മറനീക്കി വെളിച്ചത്ത് വന്നിരിക്കുന്നു. നഗരസഭ അധ്യക്ഷയുടെ ഭർത്താവും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ എംവി ഗോവിന്ദനെതിരെ പാർട്ടി സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നത് അതിന്‍റെ തെളിവാണ്. സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ പി ജയരാജൻ പരസ്യമാക്കിയപ്പോൾ തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു അത് പാർട്ടി യോഗത്തിൽ എടുത്തിട്ടു. മറുപടിയില്ലാത്ത നേതൃത്വം ആരെയും തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലുമായി.
കൊലപാതക കേസുകളിൽ പ്രതിയായിട്ടും പി ജയരാജൻ എന്ന പേര് ആവേശമാണ് കണ്ണൂരിലെ അണികൾക്ക്. 'പിജെ' എന്ന ചുരുക്കപ്പേരിൽ ജയരാജൻ കണ്ണൂരിൽ രാജാവായി വാണപ്പോൾ എകെജി സെന്‍ററിൽ വെച്ച് കടിഞ്ഞാണിട്ടു. വ്യക്തിപൂജയിലൂടെ ജയരാജൻ പുരയ്ക്ക് മുകളിൽ വളർന്നു എന്നതായിരുന്നു കണ്ടെത്തൽ. ലളിതമായി പറഞ്ഞാൽ കണ്ണൂരിലെ മൂത്ത സഖാക്കളായ പിണറായിക്കും കോടിയേരിക്കും കിട്ടാത്ത കയ്യടി അണികളുടെ സ്വന്തം 'പിജെ'യ്ക്ക് കണ്ണൂരിൽ കിട്ടി എന്നത് തന്നെ. പിന്നെ ജില്ലാ കമ്മിറ്റിയിൽ ശകാരം ഏറ്റതിന് ഒരു ഇളമുറ നേതാവ് ജയരാജന് എതിരെ പാര പണിതതും ഒതുക്കലിന് കാരണമായി. ഒടുവിൽ വടകരയിൽ മത്സരിക്കുന്നതിന്റെ പേരിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പേര് വെട്ടി നാടുകടത്തിയപ്പോൾ എല്ലാം പൂർത്തിയായി. മൽസരത്തിൽ തോറ്റ് കണ്ണൂരിലേക്ക് വന്ന ജയരാജന് വീണു കിട്ടിയ ആയുധമായി ആന്തൂർ വിഷയം. അതിലൂടെ വെളിപ്പെടുന്നത് കണ്ണൂരിലെ സിപിഎമ്മിലെ വിഭാഗീയതയുടെ ആഴവും.
സിപിഎമ്മിനെ അളവറ്റ് സഹായിച്ച പാർട്ടി അനുഭാവിയായ ഒരു കോടീശ്വരൻ തന്റെ ജീവിതം എന്തിന് ഒരു മുഴം കയറിൽ അവസാനിപ്പിച്ചു എന്നിടത്താണ് ചോദ്യങ്ങൾ ഉയരുന്നത്. പാർട്ടി ഗ്രാമത്തിൽ ഒരു കൺവൻഷൻ സെന്‍റര്‍ കെട്ടി ഉയർത്തി എന്നത് തന്നെ അദ്ദേഹത്തിന്റെ സർവ്വ സമ്മതിക്ക് ഉദാഹരമാണ്. പിന്നെ എവിടെയാണ് പിഴച്ചത്. പതിനാറ് കോടിയിലേറെ ചെലവഴിച്ചുയർത്തിയ കൺവൻഷൻ സെന്ററിന് കെട്ടിട നമ്പർ ലഭിക്കാനായി നഗരസഭയെ സമീപിച്ചപ്പോൾ സെന്‍റിറിന് തറയിട്ടപ്പോൾ നൽകിയ പ്ലാനും പണി പൂർത്തിയാക്കിയപ്പോൾ നൽകിയ പ്ലാനും തമ്മിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന് നഗരസഭ കണ്ടെത്തി. ഇതെല്ലാം പരിഹരിച്ച് വീണ്ടും നഗരസഭയെ സമീപിച്ചപ്പോഴും അവർ തൃപ്തരായില്ല. ഇതോടെ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജനെ സാജൻ സമീപിച്ചു. പരാതി നഗരാസുത്രണ വിഭാഗത്തിന് കൈമാറി ജയരാജൻ, സാജന് മുന്നോട്ടുള്ള പാത തെളിയിച്ചു കൊടുത്തു. എന്നാൽ ആ പാതയിൽ കല്ലും മുള്ളും നിറച്ചു നഗരസഭയിലെ അധികാരികൾ. സാജന്റെ ഭാര്യാപിതാവ് നഗരസഭയിൽ നിരന്തരം കയറി ഇറങ്ങിയതിന്റെ ഫലമായി കഴിഞ്ഞ മാസം എല്ലാം ശരിയാക്കി ഓവർസിയർമാർ എഞ്ചിനിയർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ഫയലുകൾ സ്വന്തം ബാഗിൽ വെച്ച നഗരസഭ സെക്രട്ടറി ഓവർസിയർമാരെ പാർഥയിൽ കൊണ്ടുപോയി നിർമ്മാണത്തിൽ 14 തെറ്റുകൾ കണ്ടെത്തി. പാർക്കിങിലെ തൂണുകൾക്ക് അകലമില്ല, ടോയ്ലറ്റുകളുടെ എണ്ണം കുറവാണ്, എസി മെഷീനുകൾക്ക് മേൽക്കൂരയില്ല.. ഇങ്ങനെ പോകുന്നു കാരണങ്ങൾ... മനംമടുത്ത സാജൻ ഒടുവിൽ എല്ലാം അവസാനിപ്പിച്ചു.
അവിടെയാണ് സിപിഎം നേതാക്കൾക്കിടയിലെ വ്യക്തി വിരോധവും കുടിപ്പകയും ഈഗോയും പുറത്തായത്. സാജനൊപ്പം പി ജയരാജൻ നിന്നത് കൊണ്ട് മാത്രം എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമള ആ സെന്‍റിറിന് അനുമതി കൊടുത്തില്ല എന്നത് ഒന്നാമത്തെ ആരോപണം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ എംവി ഗോവിന്ദൻ ഇടപെട്ടു എന്ന് സ്ഥലം എംഎൽഎ ജയിംസ് മാത്യു സംസ്ഥാന സമിതിയിൽ ഉന്നയയിച്ചത് രണ്ടാമത്തെ ആരോപണം. നഗരസഭ ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ കഴിയാത്ത ചെയർപേഴ്സണ് വീഴ്ച പറ്റിയെന്ന് പി ജയരാജൻ പൊതുവേദിയിൽ തുറന്നടിച്ചത് കേട്ടുകേൾവിയില്ലാത്ത സംഭവം. വിഷയം നിയമസഭയിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ജയരാജനെ ബിംബമാക്കിയത് നേതാക്കൾ തമ്മിലുള്ള അകൽച്ചയുടെ ഉത്തമോദാഹരണം. സിപിഎം കമ്മറ്റി ചേർന്ന് പി കെ ശ്യാമളയെ പതിവ്രതയാക്കിയത് സർവ്വസാധാരണവും.
ഒരു ഇടവേളക്ക് ശേഷം ആന്തൂർ വിഷയത്തിൽ കയ്യിടി നേടി പി ജയരാജൻ കണ്ണൂർ ഫാൻസിനിടയിൽ തലപൊക്കിയപ്പോൾ കോടിയേരി വീണ്ടും കടിഞ്ഞാണിട്ടു. തന്നെ അനുകൂലിച്ച് പോസ്റ്റുകളിട്ട ഫാൻസുകാരോട് പാടില്ലെന്ന് ഫേസ്ബുക്കില്‍ ജയരാജൻ തന്നെ അഭ്യർഥിച്ചു. തൽക്കാലം എല്ലാം അടങ്ങി. എന്നാൽ മുമ്പൊരിക്കലും കാണാത്ത വിധം പാർട്ടിയുടെ പൊന്നാപുരം കോട്ടയായ ആന്തൂരിലെ നഗരസഭ അധ്യക്ഷയെ പരസ്യമായി തള്ളിപ്പറഞ്ഞുള്ള പി ജയരാജന്റെ ഈ വരവ് രണ്ടും കൽപ്പിച്ചുള്ളതാണ്. എല്ലാം പരമരഹസ്യമായി നടപ്പാക്കിയിരുന്ന കണ്ണൂർ പാർട്ടിയിലും വലിയ പൊട്ടലും ചീറ്റലും. പരസ്യ പ്രതികരണങ്ങൾക്ക് സ്വയം തടവറ തീർത്ത തെക്കൻ നേതാക്കൾ കൂടി ഇങ്ങനെ തുടങ്ങിയാൽ എല്ലാം തീരും. കൊലപാത രാഷ്ട്രീയത്തിന്റെ വേരറുക്കാൻ ജയിലുകളിൽ ജാമറിടുന്ന മുഖ്യമന്ത്രി അതിലൂടെ ഒതുക്കുന്നത് പി ജയരാജനെ കൂടിയാണ്. എന്നാൽ സംഘപരിവാരങ്ങളെ എതിർക്കുന്നതിലൂടെ അണിയിൽ നിന്ന് സ്വരൂപിച്ച് കിട്ടിയ കരുത്തിലാണ് ജയരാജന്റെ നിലനിൽപ്പും.