കണ്ണൂര്‍: കണ്ണൂർ കോര്‍പ്പറേഷൻ മേയർ സുമ ബാലകൃഷ്ണൻ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ ആക്രമിക്കുകയും, അക്രമികള്‍ തന്നെ ഹര്‍ത്താല്‍ നടത്തുകയും ചെയ്യുന്നതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് സിപിഎം ജില്ല സെക്രട്ടറി എം. വി ജയരാജൻ. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ ഇ. പി ലത, കെ. കമലാക്ഷി, കെ. റോജ, കെ. പ്രമോദ്, എം. പി ഭാസ്കരന്‍ എന്നിവരെയാണ് ഡെപ്യൂട്ടി മേയര്‍ പി. കെ. രാകേഷ്, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. ഒ. മോഹൻ, കൗണ്‍സിലര്‍ രഞ്ജിത്ത്, ഡ്രൈവര്‍ ഖാലിദ് എന്നിവർ ചേര്‍ന്ന് ആക്രമിച്ചത്. കൈകാലുകള്‍ക്ക് പരിക്കേറ്റ കൗൺസിലർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുഡിഎഫിന്‍റെ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ എല്‍ഡിഎഫ് പ്രതിഷേധദിനം ആചരിക്കും. വൈകുന്നേരം അഞ്ച് മണിക്ക് കണ്ണൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.
അതിനിടെ കോർപ്പറേഷനിലെ അക്രമത്തിൽ ഡെപ്യൂട്ടി മേയർ ഉൾപ്പെടെ കൗൺസിലർമാർക്കെതിരെ കേസെടുത്തു. മേയറുടെ പരാതിയിൽ എൽഡിഎഫിലെ കെ. പ്രമോദ്, തൈക്കണ്ടി മുരളീധരൻ, എം. രാജീവൻ എന്നിവർക്കെതിരെയും കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്.