കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. അടിയന്തര കൗൺസിൽ യോഗത്തിനിടെ കുഴഞ്ഞ് വീണ മേയർ സുമ ബാലകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിപക്ഷ കൗൺസിലർമാർ ആക്രമിച്ചുവെന്നാണ് പരാതി. അതേ സമയം ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് എൽഡിഎഫും ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ യുഡിഎഫ് വ്യാഴാഴ്ച ഉച്ചവരെ ഹർത്താലിന് ആഹ്വാനം ചെയ്തു.
കണ്ണൂർ കോർപ്പറേഷനിൽ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും നിലപാടുകൾക്കെതിരെ പ്രതിപക്ഷം കുറച്ചുദിവസമായി പ്രതിഷേധം നടത്തിവരികയായിരുന്നു. ഇന്നത്തെ അടിയന്തര കൗൺസിൽ യോഗത്തിനു മുന്നോടിയായി പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ കൗണ്‍സില്‍ യോഗം നടത്തിയതിനു ശേഷം ചര്‍ച്ചചെയ്യാമെന്ന് മേയര്‍ അറിയിച്ചു. ഇതോടെ മുദ്രാവാക്യം വിളിയും കയ്യേറ്റ ശ്രമവും നടന്നുവെന്നാണ് ആരോപണം. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറെ മറ്റൊരു വാതിലിലൂടെ കൗണ്‍സില്‍ ഹാളില്‍ എത്തിച്ചെങ്കിലും പ്രശ്‌നം രൂക്ഷമായിതിനെ തുടർന്ന് യോഗം നടത്താനായില്ല.
എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എൽഡിഎഫ് വ്യക്തമാക്കി. ഭരണപക്ഷത്തിന്‍റെ ആക്രമണത്തിൽ എൽഡിഎഫ് കൗൺസിലർമാർക്കാണ് പരിക്കേറ്റതെന്നും പ്രതിപക്ഷം ആരോപിച്ചു. കയ്യാങ്കളിയിൽ പരിക്കേറ്റ എൽഡിഎഫ് കൗൺസിലർമാർ എകെജി ആശുപത്രിയിൽ ചികിത്സ തേടി.