കണ്ണൂർ: കൊവിഡ് വ്യാപനം തടയാൻ തളിപ്പറമ്പ് മാർക്കറ്റില്‍ ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനം നഗരത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. തളിപ്പറമ്പ് പൊലീസും നഗരസഭയും സംയുക്തമായാണ് സിസിടിവി നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.
മെയ് 18 മുതലാണ് തളിപ്പറമ്പ് മാർക്കറ്റിലും പരിസരത്തും പൊലീസിന്‍റെ കർശന നിരീക്ഷണം ഏർപ്പെടുത്തിയത്. മാർക്കറ്റിലെ 13 ഇടങ്ങളിൽ നഗരസഭയുടെ സഹായത്തോടെ സ്ഥാപിച്ച സിസിടിവി കാമറകൾ വഴിയാണ് നിരീക്ഷണം നടത്തുന്നത്. കൂടാതെ മുന്നറിയിപ്പുകൾ നൽകാൻ മൈക്ക് അനൗൺസ്‌മെന്‍റും ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യം നിരീക്ഷിക്കാനും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി എടുക്കാനും തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയിൽ പൊലീസ് കൺട്രോൾ റൂമും സജ്ജമാക്കി. കൊവിഡ് കാലത്ത് സംസ്ഥാനത്ത് ഇത്തരമൊരു സംവിധാനം ആദ്യമായി ഒരുക്കിയത് തളിപ്പറമ്പിലാണ്. ഇതിന്‍റെ രണ്ടാം ഘട്ടമായാണ് നിരീക്ഷണം മറ്റ് ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചത്.
തളിപ്പറമ്പ് ബസ് സ്റ്റാൻഡ്, കോടതി റോഡ്, ഹൈവേ, മൂത്തേടത്ത് സ്കൂൾ പരിസരം, ഷോപ്രിക്സ് പരിസരം എന്നിവിടങ്ങളിലാണ് പുതുതായി നിരീക്ഷണ ക്യാമറകളും ഉച്ച ഭാഷിണികളും സ്ഥാപിച്ചത്. രണ്ട് പൊലീസുകാർക്കാണ് കൺട്രോൾ റൂമിന്റെ ചുമതല. തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ രത്നകുമാറിനാണ് മേൽനോട്ടം വഹിക്കുന്നത്. ആദ്യ ഘട്ടത്തിൽ 15 ദിവസത്തേക്കാണ് നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. ഇത് ഫലപ്രദമായതോടെ ആണ് നിയന്ത്രണവും നിരീക്ഷണവും നീട്ടാൻ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധത്തില്‍ വളരെ ജാഗ്രതപരമായ നടപടിയാണ് തളിപ്പറമ്പ് പൊലീസും നഗരസഭയും ഒരുക്കുന്നത്.