കണ്ണൂർ : പരിയാരം ദേശീയപാത ആലക്യം പാലത്തില്‍ ബൈക്കില്‍ ലോറിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു. പാച്ചേനി വീരന്‍മുക്കിലെ അക്കരമ്മല്‍ സ്‌നേഹ(24), സഹോദരന്‍ ലോപേഷ് (34) എന്നിവരാണ് മരിച്ചത്. പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
പരിയാരം ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് വച്ച് വ്യാഴാഴ്‌ച രാവിലെ 7.30നായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കിന് പുറകില്‍ ലോറി ഇടിക്കുകയായിരുന്നു. റോഡിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ലോറി വെട്ടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
സ്‌നേഹ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. സ്‌നേഹയുടെ മേലേക്ക് ലോറി മറിയുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് ലോറിയുടെ അടിയില്‍ നിന്നും സ്‌നേഹയെ പുറത്തെടുത്തത്.
ലോപേഷിനെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപികയായി സ്‌നേഹ ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. മഞ്ചേശ്വരം ഗവ.സെക്കന്‍ററി സ്‌കൂളില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ലഭിച്ച സ്‌നേഹയുടെ ആദ്യ ദിനമായിരുന്നു വ്യാഴാഴ്‌ച.
ട്രെയിന്‍ കയറാനായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് സഹോദരന്‍റെ ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. സഹോദരി ലോപ. അമ്മ പി.വി ഭാനുമതി, അച്ഛന്‍ ലക്ഷ്‌മണന്‍.