കണ്ണൂർ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ സജ്ജമായി. ഇതിന്‍റെ അവസാനഘട്ട ഒരുക്കങ്ങള്‍ തുറമുഖ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ എയര്‍പോര്‍ട്ടില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കൊവിഡ് വ്യപാനത്തിനു ശേഷം ആദ്യമായി കണ്ണൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ വിധ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് സജ്ജമാക്കി. മടങ്ങിയെത്തുന്ന പ്രവാസികളിലെ രോഗബാധിതരില്‍ നിന്ന് മറ്റൊരാള്‍ക്ക് വൈറസ് പകരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണമെന്നും യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
മെയ് 12ന് ചൊവ്വാഴ്ച വൈകിട്ട് 7.10നാണ് ദുബായില്‍ നിന്നുള്ള ആദ്യ വിമാനം കണ്ണൂരിലിറങ്ങുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കു ശേഷം കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കു ശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയിലെത്തിക്കുക. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്കുമാണ് അയക്കുക.
വിമാനത്താവളത്തില്‍ നിന്ന് ഓരോ യാത്രക്കാരെയും വിശദമായ സ്‌ക്രീനിംഗിന് വിധേയരാക്കുകയും ക്വാറന്‍റെനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. ഇവരുടെ ക്വാറന്‍റെന്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലക്കാരായ യാത്രക്കാരെയും അയല്‍ ജില്ലയിലേക്കു പോകേണ്ടവരെയും പ്രത്യേകമായി തിരിച്ചാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തിലാണ് യാത്ര തിരിക്കുക. സ്വന്തമായി വാഹനം ഏര്‍പ്പാട് ചെയ്യാത്തവര്‍ക്ക് പെയ്‌ഡ് ടാക്‌സി സൗകര്യവും എയര്‍പോര്‍ട്ടില്‍ ലഭ്യമാണ്.